കുൽഭൂഷന്‍റെ വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തു

kulbhushan-jadhav

കുൽഭൂഷന്‍റെ വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തു

ചാരക്കുറ്റം ചുമത്തി പാകിസ്ഥാൻ സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യൻ നേവി ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിന് ആശ്വാസം. കുൽഭൂഷന്‍റെ വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തു. ഇന്ത്യയുടെ അപ്പീലിനെ തുടർന്നാണ് വിധി. രാഷ്ട്രീയമായി പാകിസ്ഥാനെതിരെ ഇന്ത്യയുടെ ജയംകൂടിയാണിത്.

നേവിയിൽ നിന്ന് വിരമിച്ച ശേഷം കച്ചവടം ചെയ്യുന്ന കുൽഭൂഷണെ ഇറാനിൽ നിന്ന് തട്ടിക്കൊണ്ടുപോയി പാകിസ്ഥാൻ ചാരനെന്ന് മുദ്രകുത്തി വധശിക്ഷയ്ക്ക് വിധിച്ചു എന്നായിരുന്നു ഇന്ത്യയുടെ വാദം. കഴിഞ്ഞമാസമാണ് പാകിസ്ഥാൻ സൈനിക കോടതി വധശിക്ഷ വിധിച്ചത്. ഇന്ത്യ ഇതിനെതിരെ ശക്തമായി രംഗത്തെത്തുകയായിരുന്നു.

മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവേയാണ് ഇന്ത്യക്ക് വേണ്ടി അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഹാജരായത്. കുൽഭൂഷണെ ബലൂചിസ്ഥാനിൽ നിന്ന് 2016 മാർച്ചിൽ അറസ്റ്റ് ചെയ്തുവെന്നാണ് പാകിസ്ഥാൻ വാദം. എന്നാൽ ഇയാൾ ചാരനല്ലെന്നും സൈന്യത്തിൽ നിന്ന് വിരമിച്ചയാളാണെന്നും ഇന്ത്യ വാദിച്ചു. മാത്രമല്ല പിടിക്കപ്പെടുന്പോൾ കുൽഭൂഷന്‍റെ കൈവശം പാസ്പോർട്ട് ഉണ്ടായിരുന്നുവെന്നും ചാരൻമാർ പാസ്പോർട്ട് കൈവശം വയ്ക്കാറില്ലെന്നും ഇന്ത്യ വാദിച്ചു.