യുവതിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ വിസമ്മതിച്ച ഗൈനക്കോളജിസ്റ്റിന് ക്രൂരമര്‍ദ്ദനം. പൂനെ സാങ്‌വിയിലെ ഡോക്ടര്‍ അമോല്‍ ബിദ്കറിനാണ് മര്‍ദ്ദനമേറ്റത്. ആക്രമണത്തില്‍ അമോലിന്റെ വലത് കൈക്ക് പരിക്കേറ്റു. അഞ്ച് മാസം തികഞ്ഞ യുവതിയില്‍ ഗര്‍ഭഛിദ്രം നടത്തണമെന്ന് ആവശ്യപ്പെട്ട് തന്റെ ക്ലിനിക്കിലെത്തിയ യുവാവാണ് ആക്രമിച്ചതെന്ന് ഡോക്ടറുടെ പരാതിയില്‍ പറയുന്നു.ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. യുവതിയുമായി എത്തിയ ഇയാള്‍ ഗര്‍ഭം അലസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ വിസമ്മതിച്ചതോടെ ഇയാള്‍ ആക്രമിക്കുകയായിരുന്നുവെന്ന് ഡോക്ടര്‍ പറയുന്നു. രണ്ടാഴ്ച മുന്‍പും ഇയാള്‍ ഇതേ ആവശ്യവുമായി എത്തിയിരുന്നു. എന്നാല്‍ സാധ്യമല്ലെന്ന് അറിയിച്ച് പറഞ്ഞയയ്ക്കുകയായിരുന്നു. എന്നാല്‍ രണ്ടാം തവണയും നിരസിച്ചതോടെ ഇയാള്‍ മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. ഇയാള്‍ക്കുവേണ്ടി പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ക്ലിനിക്കില്‍ സിസിടിവി ഇല്ല. അതിനാല്‍ റോഡില്‍ സ്ഥാപിച്ച ക്യാമറകളില്‍ നിന്ന് ഇയാളുടെ ദൃശ്യങ്ങള്‍ ലഭ്യമാവുമോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്.
ഗര്‍ഭഛിദ്രം നടത്തുന്നതിന് വിസമ്മതിച്ച ഡോക്ടർക്ക് ക്രൂരമർദ്ദനം
RELATED ARTICLES