അന്ധതയെ സംഗീതം കൊണ്ടു തോല്‍പ്പിച്ച പ്രതിഭയാണ് വിജയലക്ഷ്മി. സെല്ലുലോയ്ഡ് എന്ന സിനിമയിലെ ‘കാറ്റേ കാറ്റേ നീ ’ എന്ന പാട്ടിലൂടെ സംഗീതലോകത്തേയ്ക്ക് ചുവടു വച്ച വൈക്കം വിജയലക്ഷ്മി കാഴ്ചകളുടെ ലോകത്തേയ്ക്ക് സഞ്ചരിക്കുന്നു. ജന്മനാ കാഴ്ചയില്ലാതിരുന്ന വിജയലക്ഷ്മിക്ക് ചെറുതായി കാഴ്ച മടക്കിക്കി കിട്ടിയെന്ന് വിജയലക്ഷ്മിയെ ചികിത്സിക്കുന്ന ഡോക്ടര്‍മാർ അറിയിച്ചു. വിജയലക്ഷ്മിക്ക് പൂര്‍ണമായും കാഴ്ച അധികം വൈകാതെ തന്നെ തിരിച്ചു കിട്ടുമെന്നും ഇപ്പോള്‍ പ്രകാശം തിരിച്ചറിയാന്‍ സാധിക്കുന്നുണ്ടെന്നും അവര്‍ വെളിപ്പെടുത്തി. ഇപ്പോൾ വളരെ അടുത്തുള്ള വസ്തുക്കളെ നിഴല്‍പോലെ കാണാനും സാധിക്കുന്നുണ്ട്. കാഴ്ച തിരികെലഭിക്കുമെന്ന വിശ്വാസത്തിലാണ് വിജയലക്ഷ്മി.
കാഴ്ച ലഭിച്ചാല്‍ ആദ്യം തന്റെ എല്ലാ വിജയങ്ങള്‍ക്കും കൂടെ നിന്ന് തന്റെ കണ്ണായി പ്രവര്‍ത്തിച്ച അച്ഛനെയും അമ്മയെയും കാണണം. മാത്രമല്ല തന്റെ കഴുത്തില്‍ താലിചാര്‍ത്താന്‍ പോകുന്നയാളെയും കാണണം. പൂര്‍ണ്ണമായും കാഴ്ച കിട്ടുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ് വിജയലക്ഷ്മി.
ഹോമിയോ ഡോക്ടര്‍മാരായ ശ്രീകുമാറും ശ്രീവിദ്യയും സ്വയം വികസിപ്പിച്ചെടുത്ത ചികിത്സാവിധിപ്രകാരമുള്ള ചികിത്സയാണ് നല്‍കുന്നത്. ഏകദേശം പത്തുമാസം നീണ്ടുനിന്ന ചികിത്സയ്ക്കൊടുവിലാണ് വിജയലക്ഷ്മി പ്രകാശത്തെ തിരിച്ചറിഞ്ഞു തുടങ്ങിയതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
ഗായത്രി വീണയെന്ന സംഗീതോപകരണം വായിക്കുന്നതിലുള്ള പ്രാഗത്ഭ്യവും ഗാനങ്ങളെ തന്റേതായ ശൈലിയില്‍ പാടുവാനുള്ള കഴിവും വിജയലക്ഷ്മിയെ പ്രിയ ഗായികയാക്കി. കാറ്റേ കാറ്റേ എന്ന പാട്ടിലൂടെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ ആദരം നേടിയ വിജയലക്ഷ്മി തൊട്ടടുത്ത വര്‍ഷം ഒറ്റയ്ക്കു പാടുന്ന പൂങ്കുയിലേ എന്ന പാട്ടിലൂ ടെ മികച്ച ഗായികയുമായി. ബാഹുബലി അടക്കമുളള ബ്രഹ്മാണ്ഡ ചിത്രത്തില്‍ വരെ പാടി തെന്നിന്ത്യയില്‍ പ്രശസ്തയായി.