കലാലയങ്ങളെ കൊലാലയങ്ങളാക്കാന്‍ അനുവദിക്കില്ല – കേരള സൈബര്‍ വാരിയേഴ്‌സ്

പാമ്പാടി നെഹ്‌റു കോളേജ് ഓഫ് എഞ്ചനീയറിംഗില്‍ അധ്യാപകരുടെ മാനസിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ജിഷ്ണുവിന്  വേണ്ടി നെഹ്‌റു കോളേജ് ശൃഖലയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്താണ് കേരള സൈബര്‍ വാരിയേഴ്‌സ് ജിഷ്ണുവിന്റെ നീതിക്കായി പോരാടാന്‍ രംഗത്ത്.നിരവധി സൈബര്‍ ആക്രമണങ്ങളിലൂടെ പെരുമ കേട്ടവരാണ് കേരളാ സൈബര്‍ വാരിയേഴ്‌സ് ഉള്‍പ്പെടെയുള്ള മലയാളി ഹാക്കര്‍മാര്‍.

കലാലയങ്ങളെ കൊലാലയങ്ങളാക്കാന്‍ അനുവദിക്കില്ലെന്ന മുന്നറിയിപ്പാണ് നെഹ്‌റു കേളേജ് ശൃഖലയുടെ വെബ്‌സൈറ്റില്‍ നുഴഞ്ഞു കയറി കേരള സൈബര്‍ വാരിയേഴ്‌സ് നല്‍കിയിരിക്കുന്നത്. വിദ്യാഭ്യാസം ഇപ്പോള്‍ കച്ചവടം മാത്രമാണെന്ന് കേരള സൈബര്‍ വാരിയേഴ്‌സ്  സൈറ്റില്‍ പോസ്റ്റ് ചെയ്തു.  ജിഷ്ണുവിന് നീതി ലഭിക്കുന്നത് വരെ തങ്ങള്‍ പോരാടുമെന്നും കേരള സൈബര്‍ വാരിയേഴ്‌സ് വ്യക്തമാക്കി. ഒരുപാട് സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്ന ഒരു അനുജനെ, രാജ്യത്തിന് മുതല്‍ക്കൂ ട്ടാകുമായിരുന്ന ഒരു യവ്വനക്കാരനെ  നമുക്ക് നഷ്ട്മായി. പണത്തിന്റെ വലിപ്പത്തില്‍ വിദ്യാഭ്യാസം അളന്നു കൊടുക്കുമ്പോള്‍ അതില്‍ പൊഴിഞ്ഞു പോകുന്ന ഒരുപാട് ജിഷ്ണുമാര്‍ നമുക്ക് മുന്‍പില്‍ ഉണ്ടെന്ന് കേരള സൈബര്‍ വാരിയേഴസ് ഓർമപ്പെടുത്തി.

തെരുവുനായ വിഷയത്തില്‍ മലയാളികളെ അപമാനിച്ച മേനകാഗാന്ധിയുടെ സംഘടനയുടെ വെബ്‌സൈറ്റ് ഇവര്‍ തകര്‍ത്തിരുന്നു. ഫെയ്‌സ്ബുക്ക് ഞരമ്പന്മാര്‍ക്കെതിരെയാണ് നിലവില്‍ സൈബര്‍ വാരിയേഴ്‌സ് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. മല്ലു ഹാക്കേഴ്‌സും സൈബര്‍ വാരിയേഴ്‌സും ചേര്‍ന്നൊരുക്കിയ ഹാക്കിംഗ് പണികൊടുക്കലുകള്‍ പാകിസ്താന്‍ ഒരിക്കലും മറക്കാന്‍ സാധ്യതയില്ല. പാക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ സലിംകുമാറും മമ്മൂട്ടിയുമെല്ലാം നിറഞ്ഞു നിന്നിരുന്നു. എംടിയുടെ വെബ്‌സൈറ്റ് ആക്രമിച്ചതിനുള്ള പ്രതികാരമായിരുന്നു ഇത്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ പേരിലുള്ള അനൗദ്യോഗിക സൈറ്റ് തകര്‍ത്തതിനെ തുടര്‍ന്ന് പാകിസ്താനിലെ പ്രമുഖ വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് തകര്‍ത്ത് പാലാരിവട്ടത്തേക്ക് വരെ ഫ്‌ലൈറ്റ് ചാര്‍ട്ട് ചെയ്ത ചരിത്രവുമുണ്ട് ഈ ഹാക്കിംഗ് വീരന്മാര്‍ക്ക്. അവരാണ് ജിഷ്ണുവിന് നീതിതേടി ഈ കൃത്യം നിര്‍വഹിച്ചിരിക്കുന്നത്.