വസ്തുക്കളെ അപ്രത്യക്ഷമാക്കുകയെന്ന മനുഷ്യന്റെ ചിരകാല സ്വപ്‌നം യാഥാര്‍ഥ്യമാകുവാൻ പോകുന്നു. ലോകത്തിന്റെ മുഖച്ഛായ തന്നെ ഒരുപക്ഷെ ഈ നൂതന വിദ്യ മാറ്റിമറിച്ചേക്കാം. പ്രതിരോധ മേഖലയില്‍ വലിയ മുന്നേറ്റത്തിന് കാരണമാകുന്ന ഈ നൂതനവിദ്യ സ്വന്തമാക്കാനൊരുങ്ങുകയാണ് അമേരിക്കന്‍ വ്യോമസേന. തങ്ങളുടെ യുദ്ധവിമാനങ്ങളെ മനുഷ്യരുടേയും റഡാറുകളുടേയുമൊന്നും കണ്ണില്‍ നിന്ന് അപ്രത്യക്ഷമാക്കുക എന്നതാണ് യുഎസ് വ്യോമസേനയുടെ ലക്ഷ്യം.
അമേരിക്കന്‍ വ്യോമസേനയിലെ ജനറലായ കാള്‍ട്ടണ്‍ എവര്‍ഹേട്ടാണ് ഈ സ്വപ്‌നതുല്യമായ സാങ്കേതികവിദ്യ യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കുന്നത്. റഡാറുകളിലൂടെ നിരീക്ഷിക്കുമ്പോള്‍ വിമാനങ്ങളുടെ സ്ഥാനം തെറ്റായി കാണിക്കുകയോ അപ്രത്യക്ഷമാക്കുകയോ ചെയ്യുകയാണ് ഇവരുടെ ലക്ഷ്യം. വിര്‍ജീനിയയില്‍ നിന്നുള്ള ടെക് ബിരുദധാരിയായ കാള്‍ട്ടണ്‍ തന്റെ ആശയത്തെക്കുറിച്ച് വിവിധ കമ്പനികളുമായും പ്രതിരോധ രംഗത്തെ കോണ്‍ട്രാക്കര്‍മാരുമായും പരീക്ഷണശാലകളുമായുമൊക്കെ വിശദ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.
ഈ ആശയവുമായി സമീപിച്ചപ്പോള്‍ പലരും തമാശയായി കരുതുകയാണ് ചെയ്തത്. സയന്‍സ് ഫിക്ഷന്‍ സിനിമകള്‍ കൂടുതലായി കാണരുതെന്ന് പോലും ഉപദേശിച്ചവരുണ്ട്. അമേരിക്കയില്‍ നിന്നു തന്നെയുള്ള മറ്റൊരു ഗവേഷകനായ പ്രൊഫ. ഹോ സിന്‍ ആണ് കാള്‍ട്ടണിന്റെ സ്വപ്‌നങ്ങള്‍ക്ക് പുതുചിറകുകള്‍ നല്‍കിയത്. അമേരിക്കന്‍ വ്യോമസേനയുടെ സാമ്പത്തിക സഹായത്തില്‍ അരിസോണ സര്‍വകലാശാലയില്‍ പഠനം നടത്തുന്ന പ്രൊഫ. ഹോ സിന്‍ വൈകാതെ മനുഷ്യരേയും വിമാനങ്ങളേയും യുദ്ധ ടാങ്കുകളേയുമൊക്കെ അപ്രത്യക്ഷമാക്കാന്‍ സാധിക്കുന്ന ആവരണം കണ്ടെത്തുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ്.
കൃത്രിമമായി നിര്‍മിക്കുന്ന മെറ്റാമെറ്റീരിയല്‍സാണ് വസ്തുക്കളെ അപ്രത്യക്ഷമാക്കാന്‍ സഹായിക്കുന്ന പ്രധാന വസ്തു. വെളിച്ചം അടക്കമുള്ള ഇലക്ട്രോമാഗ്നറ്റിക് റേഡിയേഷനുകളെ വസ്തുക്കള്‍ക്ക് ചുറ്റും തിരിച്ച് വിടാനുള്ള ശേഷി ഇവയ്ക്കുണ്ട്. അതുവഴി മെറ്റാമെറ്റീരിയല്‍സ് കൊണ്ടുള്ള ആവരണമുള്ള ഒരു വസ്തുവിനെ അപ്രത്യക്ഷമാക്കാനാകും.