കേരളത്തിലെ ബാങ്ക് ശാഖകളില്‍ അനുഭവപ്പെട്ടുവരുന്ന കറന്‍സി ക്ഷാമം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും അടിയന്തിരമായി ഇടപെടണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.
നവംബര്‍ 8 ന്റെ നോട്ട് മരവിപ്പിക്കലിനു ശേഷം സുഗമമായ കറന്‍സി ലഭ്യത ഉറപ്പാക്കുന്നതില്‍ റിസര്‍വ് ബാങ്കും കേന്ദ്രസര്‍ക്കാരും തികഞ്ഞ അനാസ്ഥയാണ് സ്വീകരിച്ചിട്ടുള്ളത്. ഗ്രാമീണ ബാങ്കുകളോടും സഹകരണ സ്ഥാപനങ്ങളോടും കടുത്ത അവഗണന കാണിക്കുമ്പോള്‍ മറുവശത്ത് നവസ്വകാര്യ ബാങ്കുകള്‍ക്ക് അമിത പരിഗണന നല്‍കുന്നുവെന്ന ആക്ഷേപം ശക്തമാണ്. മതിയായ കറന്‍സിയില്ലാത്തതിനാല്‍ ട്രഷറികളിലൂടെ പണം ലഭിക്കുന്ന പെന്‍ഷന്‍കാരുടെ പ്രയാസങ്ങള്‍ വിവരണാതീതമാണ്.
സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട തുക ട്രഷറികള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കാത്തതുമൂലം ശമ്പളവിതരണം തന്നെ താറുമാറാകുന്ന സ്ഥിതിയുണ്ടായി. ഈ ഉത്സവ സീസണില്‍ പോലും എ.ടി.എമ്മുകള്‍ കാലിയാക്കി കിടക്കുന്നത് പൊതുജനങ്ങളുടെ പ്രയാസം വര്‍ദ്ധിക്കാനിടയാക്കുമെന്ന് കോടിയേരി പറഞ്ഞു. കറന്‍സിക്ക് കൃത്രിമമായ ക്ഷാമം വരുത്തി പൊതുജനങ്ങളെ കറന്‍സിയിതര ഡിജിറ്റല്‍ മാര്‍ഗ്ഗത്തിലേക്ക് നയിക്കാനുള്ള ദുഷ്ടലാക്കാണ് ഇതിന്റെ പിന്നിലുള്ളത്. ഇത് അത്യന്തം പ്രതിഷേധാര്‍ഹമാണ്. സാമ്പത്തിക ക്രിയ-വിക്രയങ്ങള്‍ക്കായി ഏത് രീതി അവലംബിക്കണമെന്നത് ജനങ്ങളുടെ സ്വാതന്ത്യ്രവും അവകാശവുമാണ്. അനൌപചാരിക മേഖലയ്ക്കും ചെറുകിട സംരംഭകര്‍ക്കും അഭിവൃദ്ധിയുണ്ടാകണമെങ്കില്‍ കമ്പോളത്തിലെ കറന്‍സി ലഭ്യത അത്യാന്താപേക്ഷിതമാണ്. കറന്‍സി ക്ഷാമം സംഭവിക്കുമ്പോള്‍ ഈ വിഭാഗത്തില്‍ വരുന്ന ജനങ്ങളുടെ നിത്യജീവിതം കൂടുതല്‍ ദുരിതപൂര്‍ണ്ണമാകും.
ഏപ്രില്‍ 1 മുതല്‍ രാജ്യത്തെ പ്രമുഖ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നടപ്പാക്കിയ സര്‍വീസ് ചാര്‍ജ് വര്‍ദ്ധനവ് കേട്ടുകേള്‍വിയില്ലാത്തതാണ്. ജനസേവനത്തിന് പകരം ബാങ്കുകളെ കഴുത്തറുപ്പന്‍ ലാഭകേന്ദ്രങ്ങളാക്കാന്‍ ആഹ്വാനം ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങളാണ് ഈ സ്ഥിതിവിശേഷത്തിലേക്ക് നയിച്ചത്. നവ-സ്വകാര്യ ബാങ്കുകള്‍ വച്ചുപുലര്‍ത്തി വന്ന ജനവിരുദ്ധ ബാങ്കിംഗ് സംവിധാനത്തിലേക്ക് പൊതുമേഖലാ ബാങ്കുകളേയും എത്തിക്കുന്നതിനുള്ള നീക്കമാണിത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉയര്‍ന്ന ഫീസിനങ്ങള്‍ ഈടാക്കുന്നതോടെ ഈ സമ്പ്രദായം ഇതര ബാങ്കുകളും അനുകരിക്കുമെന്നത് തീര്‍ച്ചയാണ്. ജനങ്ങളുടെ കൈവശമുള്ള മിച്ച സമ്പാദ്യം ബാങ്കില്‍ നിക്ഷേപിക്കുന്നതിന് പരിധി നിശ്ചയിച്ചിരിക്കുകയാണ് എസ്.ബി.ഐ. മാസത്തില്‍ 3 പ്രാവശ്യത്തില്‍ കൂടുതല്‍ പണം നിക്ഷേപിച്ചാല്‍ 57 രൂപ വീതം സര്‍വ്വീസ് ചാര്‍ജ്ജ് നല്‍കണമെന്ന നിബന്ധന ബാങ്ക് നിക്ഷേപങ്ങളെ നിരുത്സാഹപ്പെടുത്തുന്നതിന് തുല്യമാണ് കോടിയേരി പറഞ്ഞു.
ചെറുകിട വായ്പകള്‍ നിഷേധിക്കുകയും, സ്വര്‍ണ്ണപണയം പോലുള്ള സാധാരണക്കാര്‍ക്കുള്ള വായ്പകളോട് പുറംതിരിഞ്ഞുനില്‍ക്കുകയും ചെയ്യുന്ന എസ്.ബി.ഐയുടെ നിലപാട് അംഗീകരിക്കാനാവില്ല. കോര്‍പ്പറേറ്റുകളുടെ വന്‍കിട വായ്പകള്‍, എഴുതി തള്ളുന്നതുമൂലം നഷ്ടത്തിലാകുന്ന ബാങ്കുകള്‍ ഈ നഷ്ടത്തെ അതിജീവിക്കാനാണ് സര്‍വ്വീസ് ചാര്‍ജ്ജുകളും ഫീസിനങ്ങളും വന്‍തോതില്‍ വര്‍ദ്ധിപ്പിക്കുന്ന നയങ്ങള്‍ സ്വീകരിക്കുന്നത്. ബാങ്കിംഗ് സ്ഥാപനങ്ങളെ തന്നെ തകര്‍ക്കുകയും പൊതുജനങ്ങളെ ദ്രേഹിക്കുന്നതുമായ ഇത്തരം സമീപനങ്ങളില്‍ നിന്നും ബാങ്ക് അധികാരികള്‍ പിന്‍തിരിയണം. കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.