പാര്‍ലമെന്റില്‍ ഹാജരാകാത്ത ബിജെപി എംപിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തമായ താക്കീത്. അടുത്ത ലോകസഭാ തെരഞ്ഞെടുപ്പ് മുതല്‍ സഭയില്‍ ഹാജരാകാത്തവര്‍ക്ക് യാതോതൊരു വിധത്തിലുള്ള ആനുകൂല്യങ്ങളും ലഭിക്കില്ലെന്ന സൂചനയാണ് മുന്നറിയിപ്പിലൂടെ അദ്ദേഹം നല്‍കിയത്.
നിങ്ങള്‍ നിങ്ങളുടെ താല്‍പര്യത്തിനനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഞാനെന്റെ ഇഷ്ടത്തിന് അനുസരിച്ച് പെരുമാറും. പിന്നീട് എന്നെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന് ഭരണഘടനാ പദവി നല്‍കുന്നതുമായി ബന്ധപ്പെട്ട ബില്ലില്‍ പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികള്‍ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ഈ ഘട്ടത്തില്‍ പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടു. ഈ സമയം ഭരണപക്ഷത്ത് അംഗങ്ങള്‍ കുറവായതിനാല്‍ ഭേദഗതികളോടെ ബില്ല് പാസാകുകയായിരുന്നു. മന്ത്രിമാര്‍ ഉള്‍പ്പടെ 30 ഓളം എം.പിമാര്‍ കൂട്ടത്തോടെ സഭയില്‍ ഹാജരാകാതിരുന്നതാണ് ഭേദഗതി പാസാകുന്നതിന് ഇടവരുത്തിയത്.