Wednesday, September 11, 2024
HomeKeralaമതസ്വാതന്ത്ര്യ ദുരുപയോഗം; ഭരണഘടനയിൽ തിരുത്തൽ വേണമെന്ന് ശശികല

മതസ്വാതന്ത്ര്യ ദുരുപയോഗം; ഭരണഘടനയിൽ തിരുത്തൽ വേണമെന്ന് ശശികല

ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനുള്ള അവകാശം ദൂരുപയോഗം ചെയ്യുന്നതിനാല്‍ ഭരണഘടനയിലെ വകുപ്പ് പുനപ്പരിശോധിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല. മതപരിവര്‍ത്തനത്തിന് വേണ്ടി ഭരണഘടനയിലെ മതസ്വാതന്ത്ര്യം വ്യാപകമായി ദുരുപയോഗം ചെയ്യുകയാണ്. ഭരണഘടനയിലെ വകുപ്പില്‍ അത്തരമൊരു പുലിവാലുണ്ടോയെന്ന് പരിശോധിച്ച് തിരുത്തലുകളുണ്ടാവണമെന്നും ശശികല വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. ഡോ.ഹാദിയ കേസില്‍ സുപ്രിംകോടതിയുടെ നിരീക്ഷണം നടക്കുന്നതിനിടെ മനുഷ്യാവകാശകമ്മീഷനെ സമീപിച്ച് കേസ് അട്ടിമറിക്കാന്‍ മുസ്‌ലിം ലീഗ് ശ്രമിക്കുകയാണ്. ഇക്കാര്യത്തില്‍ ലീഗിന്റെ പങ്കും എന്‍ഐഎ അന്വേഷിക്കണം. പാണക്കാട് തങ്ങളുടെ നേതൃത്വത്തിലാണ് ഹാദിയയുടെ വിവാഹം നടത്തിയത്.
മതഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുകയും മതപരിവര്‍ത്തനം നടത്തുന്ന മതകേന്ദ്രത്തെ സംരക്ഷിക്കുകയും ചെയ്യുന്ന ലീഗിന്റെ പ്രീണനനയം പുനപ്പരിശോധിക്കണം. ഹാദിയ കേസുപോലെ ഇനിയും ഇത്തരം സംഭവങ്ങളുണ്ടാവാം. ഇതിന് ഇപ്പോള്‍ത്തന്നെ മൂക്കുകയറിടണം. ജീവന് ഭീഷണിയുള്ളതിനാലാണ് ഹിന്ദുവായി ജീവിക്കുമെന്ന് പറയാന്‍ ഹാദിയ ഭയപ്പെടുന്നത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലയുമായി ബന്ധപ്പെട്ട് പറവൂര്‍ പ്രസംഗത്തില്‍ പറഞ്ഞകാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. പ്രസംഗത്തിലെ ചില പരാമര്‍ശങ്ങള്‍ മാത്രമെടുത്താണ് വിവാദമാക്കിയത്. വ്യക്തമായ ബോധ്യമുള്ളകാര്യങ്ങള്‍ മാത്രമേ താന്‍ പ്രസംഗിക്കാറുള്ളൂ. അതിനാല്‍ത്തന്നെ പിന്‍വലിക്കേണ്ടതില്ല. പ്രസംഗത്തിന്റെ പേരില്‍ പോലിസ് കേസെടുത്തതിനെ സ്വാഗതം ചെയ്യുന്നു. വി ഡി സതീശന്റെ ആരോപണം നിയമപരമായും സംഘടനാപരമായും നേരിടും. സംഘടനാതലത്തില്‍ ഏങ്ങനെ നേരിടണമെന്നത് കൂടിയാലോചിക്കും. മണ്ഡലത്തിലെ വികസനം ചൂണ്ടിക്കാട്ടി മല്‍സരിച്ച് ജയിക്കാനാവില്ല. അതിന് ഇസ്‌ലാമിക സമൂഹത്തെ കൂട്ടുപിടിച്ച് വോട്ടിനുവേണ്ടി കളിക്കുന്ന രാഷ്ട്രീയനാടകമാണിത്. ലഘുലേഖ വിതരണത്തെ ന്യായീകരിച്ച് സംസാരിച്ച വി ഡി സതീശന്റെ നിലപാട് വോട്ടര്‍മാരെ സ്വാധീനിക്കാനാണെന്നും അവര്‍ ആരോപിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments