വാഴ്ത്തപ്പെട്ടവള്‍ മലയാളി സന്യാസിനി മറിയം ത്രേസ്യയെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഞായറാഴ്ച വിശുദ്ധപദവിയിലേക്കുയര്‍ത്തും. ഇന്ത്യന്‍ സമയം ഉച്ചക്ക് ഒന്നരയ്ക്ക് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലാണ് പ്രഖ്യാപനം. മറിയം ത്രേസ്യയ്‌ക്കൊപ്പം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മറ്റു നാലുപേരെയും വിശുദ്ധരായി പ്രഖ്യാപിക്കും.
ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധി സംഘം വത്തിക്കാനില്‍ എത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറിനെ പ്രതിനിധീകരിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ചടങ്ങില്‍ പങ്കെടുക്കും.
തൃശൂര്‍ ജില്ലയിലെ മാളക്കടുത്ത് പുത്തന്‍ ചിറയില്‍ 1876 ഏപ്രില്‍ 26 നാണ് മറിയം ത്രേസ്യയുടെ ജനനം. തോമ -താണ്ട ദമ്ബതികളുടെ മൂന്നാമത്തെ മകളായി ജനിച്ച മറിയം ത്രേസ്യ അഞ്ചാം വയസ്സില്‍ സ്വയം തീരുമാനിച്ചതാണ് ദൈവവഴി.
വനത്തില്‍ പോയി കഴിഞ്ഞാലോ എന്നായിരുന്നു കുഞ്ഞു നാളിലെ മറിയത്തിന്റെ ചിന്ത. ഇതിന്റെ മുന്നൊരുക്കമെന്ന നിലിയില്‍ വീട്ടിലെ ഭക്ഷണത്തില്‍ കയ്പ് നീര് പിഴിഞ്ഞ് കുടിച്ചു. ഇലകള്‍ ഭക്ഷിച്ചു. വീട്ടില്‍ നിന്ന് അന്‍പതോളം കിലോ മീറ്റര്‍ അകലെയുള്ള വനത്തില്‍ പല തവണ പോയി പ്രാര്‍ത്ഥിച്ചു മറിയം ത്രേസ്യ. ത്രേസ്യയുടെ ആത്മീയ പിതാവായി ഫാദര്‍ ജോസഫ് വിതയത്തില്‍ എത്തിയതോടെ അദ്ദേഹത്തിന്റെ ഉപദേശ പ്രകാരം തൃശൂര്‍ കുഴിക്കാട്ടുശ്ശേരിയില്‍ ഏകാന്തഭവനം സ്ഥാപിച്ച് തന്റെ പ്രവര്‍ത്തന കേന്ദ്രം അവിടെയാക്കി മറിയം ത്രേസ്യ.
ഹോളി ഫാമിലി സന്യാസിനി സമൂഹത്തിന്റെ സ്ഥാപകയാണ് മറിയം ത്രേസ്യ. യുവതികള്‍ക്ക് ക്രിസ്തീയ വിദ്യാഭ്യാസം, രോഗികളെയും മരണാസന്നരെയും ശുശ്രൂഷിക്കല്‍, പ്രാര്‍ത്ഥന, ധ്യാനം ഇവയായിരുന്നു സന്യാസിനി സമൂഹത്തിന്റെ ലക്ഷ്യം.
ജീവിതകാലത്ത് പ്രത്യേക പ്രാര്‍ത്ഥന, ആത്മീയ അനുഭവങ്ങള്‍ മറിയം ത്രേസ്യയില്‍ ഉണ്ടായിരുന്നു. കുടുംബങ്ങളുടെ മധ്യസ്ഥ എന്നാണ് മറിയം ത്രേസ്യ അറിയപ്പെട്ടിരുന്നത്. 1926 ജൂണ്‍ എട്ടിനാണ് മറിയം ത്രേസ്യയുടെ മരണം.
മറിയം ത്രേസ്യയുടെ തിരുശേഷിപ്പ് വെച്ചുള്ള പ്രാര്‍ത്ഥനയിലൂടെ, ഡോക്ടര്‍മാര്‍ മരണം വിധിച്ച ക്രിസ്റ്റഫര്‍ എന്ന കുട്ടി ജീവിതത്തിലേക്ക് തിരിച്ചുവന്നെന്ന അത്ഭുത പ്രവൃത്തി വിലയിരുത്തിയാണ് വിശുദ്ധ പദവി പ്രഖ്യാപനം. ഡോക്ടര്‍മാരുടെ സംഘവും പിന്നീട് മൈത്രാന്‍ സമിതിയും ഈ അത്ഭുത പ്രവര്‍ത്തി അംഗീകരിച്ചിരുന്നു.
മറിയം ത്രേസ്യയുടെ നാടായ പുത്തന്‍ചിറ ഗ്രാമം ഏറെ ആഹ്‌ളാദത്തോടെ കാത്തിരിക്കുകയാണ് വിശുദ്ധ പദവി പ്രഖ്യാപന ചടങ്ങിനായി. വലിയ സ്‌ക്രീനില്‍ എല്ലാവര്‍ക്കും പ്രഖ്യാപന ചടങ്ങ് കാണാനുള്ള സംവിധാനം ഇവിടെ ഒരുക്കിയിട്ടുണ്ട്.