“ദേവഗൗഡ ഉടന്‍ മരിക്കും കുമാരസ്വാമി അസുഖ ബാധിതനാകും” ബിജെപി എംഎല്‍എയുടെ ഓഡിയോ ക്ലിപ്പ്

bjp

ദേവഗൗഡ ഉടന്‍ മരിക്കുമെന്നും കുമാരസ്വാമി അസുഖ ബാധിതനാകുമെന്നുമുള്ള ബിജെപി എംഎല്‍എയുടെ ഓഡിയോ ക്ലിപ്പാണ് ഇപ്പോള്‍ വിവാദത്തിരി കൊളുത്തിയിരിക്കുന്നത്. ദേവഗൗഡയുടെ മരണത്തോടെ ജെഡിഎസ് ഇല്ലാതാകുമെന്നും ഓഡിയോ ക്ലിപ്പില്‍ പറയുന്നു. കര്‍ണാടകയിലെ ഹസാന്‍ ജില്ലയിലുള്ള എംഎല്‍എയായ പ്രീതം ഗൗഡയുടെ ശബ്ദമുള്ള ഓഡിയോ ക്ലിപ്പാണ് പുറത്തായത്. മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്‌ ഡി ദേവഗൗഡയേയും മകന്‍ കുമാരസ്വാമിയേയും അപമാനിക്കുന്ന തരത്തിലുള്ളതാണ് സംഭാഷണമെന്ന് കാട്ടി കര്‍ണാടകയില്‍ വിവാദം ആരംഭിച്ചിരിക്കുകയാണ്. പ്രീതം ഗൗഡ എംഎല്‍എ ജെഡിഎസ് എംഎല്‍എയുടെ മകനോട് സംസാരിക്കുന്നതാണ് ശബ്ദ സന്ദേശത്തിലുള്ളത്. ക്ലിപ്പ് വാര്‍ത്താ ചാനലുകളില്‍ വന്നതോടെ വിവാദം കടുക്കുകയായിരുന്നു. പ്രീതത്തിന്റെ വീടിന് നേരെ ജെഡിഎസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആക്രമണവുമുണ്ടായി.അക്രമം വ്യാപകമായതോടെ ഒരു ബിജെപി പ്രവര്‍ത്തകന് പരുക്കേറ്റെന്നും അക്രമികളെ പിരിച്ചു വിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയെന്നുമാണ് വിവരം. കര്‍ണാടകാ നിയമസഭയിലും സംഗതി ചൂടേറിയ ചര്‍ച്ചയായി. ബിജെപി നേതാവ് ബി.എസ് യെദിയൂരപ്പ എംഎ‍ല്‍എക്കെ് നേരെയുള്ള ആക്രമണത്തിനെതിരെ രംഗത്തെത്തി. ഗൗഡ കുടുംബം ഞങ്ങളുടെ എംഎ‍ല്‍എയെ ആക്രമിക്കുന്നു. ഞാന്‍ അവിടെ ചെന്ന് ധര്‍ണയിരിക്കും. അവര്‍ എന്നെ ആക്രമിക്കട്ടെ. ഈ സംഭവത്തെക്കുറിച്ച്‌ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനെ അറിയിക്കും. അക്രമികളായ ജെ.ഡി.എസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലിസ് നടപടി എടുക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. തന്റെ കുടുംബാംഗങ്ങളെ കൊല്ലാന്‍ ജെ.ഡി.എസ് ശ്രമിക്കുന്നെന്നും താന്‍ തിരിച്ചടിക്കുമെന്നും പ്രീതം ഗൗഡ പറഞ്ഞു.എന്നാല്‍ പ്രവര്‍ത്തകര്‍ തന്നെയും പിതാവിനെയും കുറിച്ചുള്ള ബിജെപി എംഎ‍ല്‍എയുടെ ആരോപണങ്ങളില്‍ പ്രതികരിക്കരുതെന്ന് കുമാരസ്വാമി അഭ്യര്‍ത്ഥിച്ചു. ക്രമസമാധാനം നിലനിര്‍ത്താന്‍ പൊലീസ് മേധാവികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഹസാനില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായതിനെ തുടര്‍ന്ന് കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. നേരത്തേ ബി.എസ് യെദ്യൂരപ്പയും ജെ.ഡി.എസ്. എംഎ‍ല്‍എ.യുടെ മകനും തമ്മില്‍ നടന്ന സംഭാഷണം വന്‍ വിവാദമായിരുന്നു.