നന്തൻകോട് കൂട്ടക്കൊല കേസിലെ പ്രതി കാഡൽ ജീൻസൺ രാജ മൊഴി നിരന്തരം മാറ്റി പറയുന്നത് അന്വേഷണ ഉദ്യോഗസ്ഥരെ ആശയക്കുഴപ്പത്തിലാക്കി. രക്ഷിതാക്കൾ തന്നെ അവഗണിച്ചുവെന്നും അതിന്റെ വൈരാഗ്യത്തിലാണു താൻ കൊല നടത്തിയതെന്നാണ് ഇപ്പോൾ പ്രതി പറയുന്നത്. പ്രതിയെ 20 വരെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു.
ആത്മാവിനെ ശരീരത്തിൽ നിന്നു വേർപെടുത്തുന്ന പരീക്ഷണമായ ആസ്ട്രൽ പ്രൊജക്‌ഷൻ ചെയ്യുന്നതിനിടെ കൊല നടത്തിയെന്നാണു കഴിഞ്ഞ ദിവസം ഇയാൾ മൊഴി കൊടുത്ത്. താൻ എന്തിനാണു കൊല നടത്തിയതെന്നു പൊലീസിനോടു ചോദിച്ചു മനസ്സിലാക്കാനാണ് ചെന്നൈയിൽ നിന്നു മടങ്ങിവന്നതെന്നു മറ്റൊരിക്കൽ പറഞ്ഞു. പിന്നീടാണ് തന്നെ രക്ഷിതാക്കൾ അവഗണിച്ചു എന്ന പുതിയ മൊഴി. ഇതു വിശ്വസിച്ചാണു റിമാൻഡ് റിപ്പോർട്ട് തയാറാക്കി പ്രതിയെ കോടതിയിൽ ഹാജരാക്കിയത്.
എന്നാൽ കൊലപാതകങ്ങളുടെ യഥാർത്ഥ കാരണം പൊലീസിനും ഇപ്പോഴും കണ്ടുപിടിക്കാനായിട്ടില്ല. കന്റോൺമെന്റ് എസി കെ.ഇ.ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
കൊലപാതകത്തിനു ശേഷം ആത്മഹത്യ ചെയ്യുവാൻ പ്രതി ഉദ്ദേശിച്ചിരുന്നെന്നും പൊലീസ് പറയുന്നു. അതേസമയം കൊലപാതകത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ പൊലീസ് സമാന്തരമായും പലതരം അന്വേഷണങ്ങൾ നടത്തുന്നു.
വീട്ടുകാരിൽ നിന്നുണ്ടായ നിരന്തര അവഗണന മനോവിഷമം ഉണ്ടാക്കിയെന്നും ഇതാണു കൊലപാതകത്തിലേക്കു നയിച്ചതെന്നുമാണ് ഇപ്പോൾ ജീൻസൺ പറയുന്നത്. ഒരേ ദിവസമാണു നാലു കൊലപാതകവും നടത്തിയതെന്ന വെളിപ്പെടുത്തൽ കളവാണെന്നു ആദ്യ ദിവസം തന്നെ അന്വേഷണ സംഘം മനസ്സിലാക്കി. പ്രതിയുടെ ഉദ്ദേശ്യം വ്യക്തമല്ലെന്നു ചൂണ്ടിക്കാട്ടി ഇലക്ട്രോണിക് ഉപകരണങ്ങളിൽ അടക്കം കൂടുതൽ പരിശോധന വേണമെന്ന പൊലീസ് അപേക്ഷ പരിഗണിച്ചാണു കോടതി കസ്റ്റഡിയിൽ വിട്ടത്. ഞായറാഴ്ച പുലർച്ചെയാണ് ജീൻസന്റെ മാതാപിതാക്കളും സഹോദരിയും ബന്ധുവായ സ്ത്രീയുമടക്കം നാലുപേരെ വീട്ടിൽ കൊല ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. പരസ്പരവിരുദ്ധമായ മൊഴികളിൽനിന്നു കാഡലിനുള്ളിലെ ക്രിമിനലിനെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഉന്നത ഉദ്യോഗസ്ഥരുടെ മകനായിട്ടും പഠനത്തിൽ പിന്നാക്കമായതിനാൽ വീട്ടിൽ അവഗണനയായിരുന്നുവെന്നാണു മൊഴി. ആദ്യം അമ്മയെയും പിന്നീട് സഹോദരിയെയും അച്ഛനെയും മുറിയിൽ വിളിച്ചുവരുത്തി കൊലപ്പെടുത്തി. കത്തിക്കാൻ പെട്രോളും വെട്ടിക്കൊല്ലാനായി ആയുധങ്ങളും നേരത്തെ വാങ്ങി സൂക്ഷിച്ചിരുന്നു. വെള്ളിയാഴ്ച രാത്രിയാണു ബന്ധുവായ സ്ത്രീയെ കൊലപ്പെടുത്തിയതെന്നും പൊലീസ് കോടതിയെ അറിയിച്ചു. ഇയാൾ ഒളിവിൽ താമസിച്ച ചെന്നൈയിലെ ലോഡ്ജിലും പെട്രോൾ വാങ്ങിയ പമ്പിലും നന്തൻകോട്ടെ വീട്ടിലും കൊണ്ടുപോയി തെളിവെടുക്കും.
ആസൂത്രിതമായാണ് കൊലയെന്നു പൊലീസ് കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പൊലീസ് പറയുന്നത്: കൊലപാതകങ്ങൾ നടത്തിയതു മാസങ്ങൾ നീണ്ട ആസൂത്രണത്തിനു ശേഷമാണെന്നു കാഡൽ സമ്മതിച്ചു. ശരീരത്തിൽ നിന്ന് ആത്മാവിനെ വേർപിരിക്കുന്ന ആസ്ട്രൽ പ്രൊജക്‌ഷൻ ശൈലി 15 വർഷമായി പരിശീലിക്കുന്നുണ്ടെന്നായിരുന്നു ആദ്യ മൊഴി. ആഭിചാര കർമങ്ങളെ തെറ്റായി വ്യാഖ്യാനിച്ച കാഡൽ കൊലപാതകത്തിൽ ഉൻമാദം കണ്ടെത്തിയെന്നാണു മനഃശാസ്ത്രജ്ഞന്റെ സാന്നിധ്യത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ വ്യക്തമായത്.
മറ്റുള്ളവരുമായി സൗഹൃദമോ ബന്ധമോ ഇല്ലാതിരുന്ന പ്രതി തെറ്റായ ചിന്തകളിലേയ്ക്കു വഴിമാറി. ജീവിത സാഹചര്യങ്ങളും ഇതിനു കാരണമായി. കുടുംബത്തിലെ മിക്കവരും ഉന്നത വിദ്യാഭ്യാസം നേടിയവരും ഉന്നത ഉദ്യോഗങ്ങളിലുള്ളവരുമായിരുന്നു. എന്നാൽ പ്ലസ് ടു മാത്രം പാസായ കാഡലിനു വിദേശ വിദ്യാഭ്യാസം പോലും പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഇതിന്റെ പേരിൽ പിതാവിൽ നിന്നും അവഗണന നേരിട്ടിരുന്നു. അതിനാൽ പിതാവിനോടു കടുത്ത വിരോധമായിരുന്നു.
പിതാവിനെ കൊലപ്പെടുത്താനാണ് ആദ്യം പദ്ധതിയിട്ടത്. പിന്നീടു മറ്റുള്ളവരെയും കൊലപ്പെടുത്താൻ തീരുമാനിച്ചു. മൂന്നു മാസമായി പദ്ധതി തയാറാക്കി. മണിക്കൂറുകൾ ചോദ്യം ചെയ്തപ്പോഴാണ് ഇതു വ്യക്തമായതെന്നും പൊലീസ് പറയുന്നു.
കാഡലിന്റെ അച്ഛൻ പ്രഫ. രാജ തങ്കം, മാതാവ് റിട്ട. ഡോ. ജീൻ പദ്മ, സഹോദരി കരോലിൻ, ബന്ധു ലളിത എന്നിവരെ ഞായറാഴ്ച പുലർച്ചെയാണു നന്തൻകോട് ബെയിൻസ് കോംപൗണ്ടിലെ വസതിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.