തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുർവിനിയോഗം ചെയ്തെന്ന പരാതി ലോകായുക്ത ഫുൾ ബെഞ്ച് ജൂൺ അഞ്ചിന് പരിഗണിക്കും. കേസ് മാറ്റിവയ്ക്കണമെന്ന ഹർജിക്കാരന്റെ ആവശ്യം പരിഗണിച്ചാണിത്.
കേസ് മാറ്റണമെന്ന ഹർജിക്കാരന്റെ ആവശ്യത്തെ ലോകായുക്ത പരിഹസിച്ചു. വാദിക്കാന്‍ താൽപര്യമില്ലെങ്കിൽ പറഞ്ഞാൽപോരേ എന്ന് ലോകായുക്ത ചോദിച്ചു. പരാതിക്കാരന് തിരക്കില്ലെങ്കിൽ തങ്ങൾക്കും തിരക്കില്ലെന്നും ലോകായുക്ത പറഞ്ഞു. കേസ് ഫുൾ ബെഞ്ച് പരിഗണിക്കരുതെന്ന ഹർജിക്കാരനായ കേരള സർവകലാശാല മുൻ സിൻഡിക്കേറ്റ് അംഗം ആർ.എസ്.ശശികുമാറിന്റെ ഹർജി ലോകായുക്ത തള്ളിയിരുന്നു. റിവ്യൂ ഹർജി തള്ളിയ സാഹചര്യത്തിൽ ഹൈക്കോടതിയെ സമീപിക്കുകയാണെന്നും ഇപ്പോൾ വാദത്തിനില്ലെന്നും ഹർജിക്കാരന്റെ അഭിഭാഷകൻ വ്യക്തമാക്കി.
ഹൈക്കോടതിയെ സമീപിക്കുന്നതിൽ തടസ്സമില്ലെന്നും ഇപ്പോൾ വാദിക്കാമല്ലോ എന്നും ലോകായുക്ത ആരാഞ്ഞു. ഹർജിക്കാരന്റെ അഭിഭാഷകൻ ജോർജ് പൂന്തോട്ടം കോടതിയിൽ ഉണ്ടായിരുന്നില്ല. ജൂനിയർ അഭിഭാഷകൻ വാദത്തിനു തയാറായില്ല. ചുരുങ്ങിയ സമയം കൊണ്ട് തന്റെ വാദം പൂർത്തിയാക്കാമെന്ന് സർക്കാരിനു വേണ്ടി ഹാജരായ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി.എ.ഷാജി പറഞ്ഞു. എന്നാൽ, ബഞ്ചിൽ ഒരു പുതിയ അംഗം ഉള്ളതിനാൽ വിശദമായ വാദം നടക്കട്ടെയെന്നും തങ്ങൾ രണ്ടുപേർ നേരത്തെ വിശദമായ വാദങ്ങൾ കേട്ടതാണെന്നും ജസ്റ്റിസ് സിറിയക് ജോസഫും ഹാറുൺ അൽ റഷീദും പറഞ്ഞു.
കേസ് ഫുൾ ബഞ്ചിനു വിട്ട നടപടി പുനഃപരിശോധിക്കണമെന്ന ഹർജി ലോകായുക്ത തള്ളിയിരുന്നു. ലോകായുക്ത ഉത്തരവ് നിയമാനുസൃതമാണെന്നും ഹർജിക്കാരന്റെ വാദങ്ങൾ അടിസ്ഥാനരഹിതവും ദുർബലവുമാണെന്നും ലോകായുക്ത വ്യക്തമാക്കി.