ബ്രിട്ടനില്‍ ആശുപത്രി ശൃംഖലയായ നാഷനല്‍ ഹെല്‍ത്ത് സര്‍വീസിന്റെ (എൻഎച്ച്എസ്) പ്രവര്‍ത്തനങ്ങൾ സൈബര്‍ ആക്രമണത്തിൽ സ്തംഭിച്ചു. സൗജന്യ നിരക്കിൽ പൊതുജനത്തിനു ചികിത്സ ലഭ്യമാക്കുന്ന ഇംഗ്ലണ്ടിലെ ആശുപത്രി ശൃംഖലയെയാണ് സൈബർ ആക്രമണം ബാധിച്ചത്.ലണ്ടൻ, ബ്ലാക്ബേൺ, നോട്ടിങ്ഹാം, കുംബ്രിയ, ഹെർട്ഫോർഡ്ഷയർ എന്നിവിടങ്ങളിലെ ട്രസ്റ്റുകളുടെയും ആശുപത്രികളുടെയും പ്രവർത്തനങ്ങൾ സ്തംഭിച്ചു.
കംപ്യൂട്ടറുകളും നെറ്റ്‍വർക്കുകളും ടെലിഫോണുകളും ഉൾപ്പെടെയുള്ള എല്ലാ ആശയവിനിമയ സംവിധാനവും നശിപ്പിച്ചെന്നാണ് റിപ്പോർട്ട്. രോഗികളുടെ വിവരങ്ങൾ മോഷ്ടിക്കപ്പെട്ടോയെന്ന് പറയാറായിട്ടില്ലെന്ന് എൻഎച്ച്എസ് അധികൃതർ വ്യക്തമാക്കി. 16 സ്ഥാപനങ്ങൾക്കു നേരെ ആക്രമമണമുണ്ടായതായി എൻഎച്ച്എസ് സ്ഥിരീകരിച്ചു.
അത്യാവശ്യമില്ലാത്ത എല്ലാ പ്രവർത്തനങ്ങളും മാറ്റിവയ്ക്കാൻ ആശുപത്രികൾക്കു നിർദ്ദേശം നൽകിയിട്ടുണ്ട്. അടിയന്തരഘട്ടത്തിലേ അത്യാഹിത വിഭാഗത്തിന്റെ സേവനം ഉപയോഗിക്കാവൂയെന്ന് ജനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ എന്‍എച്ച്എസിനെ മാത്രം ലക്ഷ്യം വെച്ചായിരുന്നില്ല ആക്രമണമെന്നും റിപ്പോർട്ടുണ്ട്. എത്രയും വേഗം തകരാർ പരിഹരിക്കാനുള്ള പരിശ്രമത്തിലാണ് അധികൃതര്‍.