തീവ്രവാദസംഘടനകള്‍ ഇന്ത്യയില്‍ കൂടുതല്‍ ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നതായി അമേരിക്ക. പാകിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള തീവ്രവാദസംഘടനകളാണ് ഇന്ത്യക്കുപുറമെ അഫ്ഗാനിസ്ഥാനിലും ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരിക്കുന്നതു. ഇന്ത്യ-പാകിസ്ഥാന്‍ ബന്ധം കൂടുതല്‍ വഷളാക്കുന്ന നടപടിയാണിതെന്ന് അമേരിക്കന്‍ ഇന്റലിജന്റ്സ് ഡയറക്ടര്‍ ഡാനിയേല്‍ കോട്ട് ഇന്റലിജന്റ്സ് സെനറ്റ് സെലക്ട് കമ്മിറ്റിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
പാകിസ്ഥാനിലെ തീവ്രവാദിസംഘങ്ങള്‍ ഇന്ത്യക്കും അമേരിക്കയ്ക്കും അഫ്ഗാനിസ്ഥാനും സ്ഥിരം‘ഭീഷണിയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അവിടെ കേന്ദ്രീകരിച്ച തീവ്രവാദസംഘടനകള്‍ അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്ക് ഭീഷണിയാണ്. പാകിസ്ഥാന്‍ ആണവായുധശേഖരം വികസിപ്പിച്ചിട്ടുണ്ട്. അമേരിക്കയും സഖ്യകക്ഷികളും സഹായിച്ചാലും അഫ്ഗാനിസ്ഥാനിലെ സ്ഥിതി 2018 വരെ വളരെ മോശമായിരിക്കും. സാമ്പത്തികസാഹചര്യം മോശമായതാണ് ആ രാജ്യത്തെ ആഭ്യന്തരപ്രശ്നങ്ങള്‍ക്ക് പ്രധാന കാരണം. താലിബാനുമായി സമാധാനക്കരാറില്‍ എത്തുംവരെ പുറത്തുനിന്നുള്ള സഹായം അഫ്ഗാനിസ്ഥാന് ആവശ്യമായിരിക്കും.
അന്തര്‍ദേശീയതലത്തില്‍ ഒറ്റപ്പെടുന്നുവെന്ന് പാകിസ്ഥാന് ബോധ്യമുണ്ട്. ഇന്ത്യ വിദേശബന്ധങ്ങള്‍ ശക്തിപ്പെടുത്തുകയും അമേരിക്കയുമായി കൂടുതല്‍ അടുക്കുകയും ചെയ്യുന്നുവെന്നും പാകിസ്ഥാന് അറിയാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.