ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കാമെന്ന വിധി തുറന്ന കോടതിയില്‍ പുന:പരിശോധിക്കാനുള്ള സുപ്രീം കോടതിയുടെ തീരുമാനത്തില്‍ സന്തോഷം പങ്കുവെച്ച് തന്ത്രി കണ്ഠരര് രാജീവര്. അയ്യപ്പന്‍ അനുഗ്രഹിച്ചെന്നും അയ്യപ്പഭക്തരുടെ പ്രാര്‍ഥനയാണ് ഇതില്‍ പ്രതിഫലിച്ചതെന്നും രാജീവര് പറഞ്ഞു.
ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള അനുമതി നല്‍കിയ വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട 49 പുനപരിശോധനാ ഹര്‍ജികളാണ് തുറന്ന കോടതിയില്‍ കേള്‍ക്കുക. ശബരിമലയുടെ ചരിത്രത്തില്‍ ഇത്രയും പ്രതിസന്ധി നിറഞ്ഞ ഘട്ടം ഇതുവരെ ഉണ്ടായിട്ടില്ല. അതില്‍ നിന്നെല്ലാം അയ്യപ്പന്‍ രക്ഷിച്ചു. തുറന്ന കോടതിയില്‍ കേള്‍ക്കാമെന്ന് പറഞ്ഞത് തന്നെ സന്തോഷമെന്നും തന്ത്രി പറഞ്ഞു.
ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച റിവ്യൂ, റിട്ട് ഹര്‍ജികള്‍ തുറന്ന കോടതിയിലേയ്ക്ക് സുപ്രീംകോടതി മാറ്റിയിരുന്നു. ജനുവരി 22നായിരിക്കും കേസ് പരിഗണിക്കുക. സുപ്രീംകോടതിയിലെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് തീരുമാനം. ഇത് സംബന്ധിച്ച് സര്‍ക്കാറിനും ദേവസ്വംബോര്‍ഡിനും നോട്ടീസ് നല്‍കും.നിലവില്‍ യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കുന്നതിന് കോടതി സ്റ്റേ ഏര്‍പ്പെടുത്തിയിട്ടില്ല.
ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര്, പന്തളം രാജകുടുംബം, എന്‍.എസ്.എസ് തുടങ്ങി കേസിലെ കക്ഷികളും കക്ഷികളല്ലാത്തവരുടേതുമായി 49 പുനഃപരിശോധന ഹര്‍ജികളായിരുന്നു പരിഗണിച്ചത്. വിശ്വാസത്തിനുള്ള മൗലിക അവകാശത്തിന് എതിരായാണ് സുപ്രീംകോടതി വിധിയെന്ന് ചൂണ്ടിക്കാട്ടിയുള്ളതായിരുന്നു പുനഃപരിശോധന ഹര്‍ജികള്‍.