മെട്രോ ഉദ്ഘാടന ചടങ്ങിൽ മെട്രോ ഉപദേഷ്ടാവ് ഇ. ശ്രീധരനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
സ്ഥലം എം.എല്‍.എ പി.ടി തോമസിനെയും ഉള്‍പെടുത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങിൽ വേദിയിൽ ഉണ്ടാവേണ്ട ഏഴുപേരുടെ പട്ടികയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാനത്തിന് നൽകിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗവർണർ പി. സദാശിവം, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, മുഖ്യമന്ത്രി പിണറായി വിജയൻ, ഗതാഗത മന്ത്രി തോമസ് ചാണ്ടി, കൊച്ചി മേയർ സൗമിനി ജെയ്ൻ, കെ.വി. തോമസ് എംപി. എന്നിവരുടെ പേരുകളാണ് പട്ടികയിൽ ഉണ്ടായിരുന്നത്. കെഎംആർഎൽ നൽകിയ 13 പേരുടെ പട്ടിക വെട്ടിച്ചുരുക്കിയാണ് ഏഴുപേരുടെ പുതിയ പട്ടിക പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാന സർക്കാരിന് നൽകിയത്.
ശ്രീധരന് പുറമെ കെ.എം.ആർ.എൽ എം.ഡി ഏലിയാസ് ജോർജ്, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, സ്ഥലം എംഎൽഎ ഹൈബി ഈഡൻ, പി.ടി. തോമസ് എംഎൽഎ എന്നിവരെയും ഉദ്ഘാടന വേദിയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.