ഇംഗ്ലണ്ടിനെ തകർത്ത് പാക്കിസ്ഥാൻ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിന്റെ ഫൈനലിൽ

pakisthan-england

ആതിഥേയരായ ഇംഗ്ലണ്ടിനെ എട്ടു വിക്കറ്റിന് തകർത്ത് പാക്കിസ്ഥാൻ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിന്റെ ഫൈനലിൽ. ബോളിങ്ങിലും ബാറ്റിങ്ങിലും ഉൾപ്പെടെ മൽസരത്തിന്റെ സമസ്ത മേഖലകളിലും വ്യക്തമായ മേധാവിത്തം പുലർത്തി രാജകീയമായാണ് പാക്കിസ്ഥാന്റെ ഫൈനൽ പ്രവേശം. ഇംഗ്ലണ്ട് ഉയർത്തിയ 212 റൺസ് വിജയലക്ഷ്യം പാക്കിസ്ഥാൻ മറികടക്കുമ്പോൾ 12.5 ഓവറുകളും എട്ടു വിക്കറ്റുകളും ബാക്കിയായിരുന്നു. അർധസെഞ്ചുറി നേടിയ ഓപ്പണർമാരായ ഫഖർ സമാൻ (57), അസ്ഹർ അലി (76) എന്നിവരാണ് പാക്കിസ്ഥാന്റെ വിജയശിൽപികൾ. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യ–ബംഗ്ലദേശ് സെമിയിലെ വിജയികളെ പാക്കിസ്ഥാൻ നേരിടും.

സ്കോർ: ഇംഗ്ലണ്ട് – 49.5 ഓവറിൽ 211ന് എല്ലാവരും പുറത്ത്. പാക്കിസ്ഥാൻ – 37.1 ഓവറിൽ രണ്ടിന് 215.

ഇംഗ്ലണ്ട് ഉയർത്തിയ താരതമ്യേന ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത പാക്കിസ്ഥാന് ഓപ്പണർമാരായ ഫഖാർ സമാനും അസ്ഹർ അലിയും ചേർന്ന് സ്വപ്നസമാനമായ തുടക്കമാണ് നൽകിയത്. 21.1 ഓവർ ക്രീസിൽ നിന്ന ഇരുവരും 118 റൺസെടുത്ത ശേഷമാണ് പിരിഞ്ഞത്. രോഹിത് ശർമ–ശിഖർ ധവാൻ സഖ്യത്തെ ഒഴിച്ചുനിർത്തിയാൽ 20009നു ശേഷം ചാംപ്യൻസ് ട്രോഫിയിൽ സെഞ്ചുറി കൂട്ടുകെട്ട് തീർക്കുന്ന ആദ്യ ഓപ്പണിങ് സഖ്യമാണ് അസ്ഹറും ഫഖറും. ശ്രീലങ്കയ്ക്കെതിരെ ഇരുവരും ഒന്നാം വിക്കറ്റിൽ 74 റൺസ് കൂട്ടിച്ചേർത്തിരുന്നു.

സമാൻ പുറത്തായശേഷം ക്രീസിലെത്തിയ ബാബർ അസം അസ്ഹർ അലിക്ക് മികച്ച പിന്തുണ നൽകിയതോടെ പാക്കിസ്ഥാൻ അനായാസം മുന്നേറി. രണ്ടാം വിക്കറ്റിൽ 55 റൺസ് കൂട്ടിച്ചേർത്തതിനു പിന്നാലെ അസ്ഹർ അലിയെ ജെയ്ക്ക് ബാൾ മടക്കിയെങ്കിലും പിരിയാത്ത മൂന്നാം വിക്കറ്റിൽ 42 റൺസ് കൂട്ടിച്ചേർത്ത അസം–ഹഫീസ് കൂട്ടുകെട്ട് പാക്കിസ്ഥാനെ വിജയതീരമണച്ചു. ബാബർ അസം 45 പന്തിൽ 38 റൺസോടെയും മുഹമ്മദ് ഹഫീസ് 21 പന്തിൽ 31 റൺസോടെയും പുറത്താകാതെ നിന്നു.

പാക്ക് ബോളർമാർക്കു മുന്നിൽ ഇംഗ്ലണ്ട് വിറച്ചു

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട്, ഒരു പന്തു ബാക്കിനിൽക്കെ 211 റൺസിന് എല്ലാവരും പുറത്തായി. ബോളിങ്ങിലെ കുന്തമുനയായ മുഹമ്മദ് ആമിറിനെ കൂടാതെ ഇറങ്ങിയിട്ടും ഇംഗ്ലണ്ട് ബാറ്റ്സ്മാൻമാരെ വരിഞ്ഞുമുറുക്കിയ പാക്ക് ബോളർമാർ, അവരെ 211 റൺസിൽ തളച്ചിടുകയായിരുന്നു. ഒരു സിക്സു പോലും പിറക്കാതെ പോയ ഇംഗ്ലണ്ട് ഇന്നിങ്സിൽ, ആർക്കും അർധസെഞ്ചുറി തികയ്ക്കാനുമായില്ല. 56 പന്തിൽ രണ്ടു ബൗണ്ടറി ഉൾപ്പെടെ 46 റൺസെടുത്ത ജോ റൂട്ടാണ് അവരുടെ ടോപ് സ്കോറർ. പാക്കിസ്ഥാനായി ഹസൻ അലി 10 ഓവറിൽ 35 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി.