ഗര്‍ഭിണികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ നിര്‍ദേശങ്ങള്‍ അശാസ്ത്രീയവും ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നതുമാണെന്ന് ശക്തമായ വിമർശനം. ലൈംഗികബന്ധം പാടില്ലെന്നും മാംസാഹാരം കഴിക്കരുതെന്നുമാണ് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ ലഘുലേഖ. നല്ല കുട്ടിയുണ്ടാകാന്‍ ചെയ്യേണ്ട കാര്യങ്ങളെന്നു പറഞ്ഞ് പുറത്തിറക്കിയ ലഘുലേഖ വിഢിത്തമാണെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു.
ഗര്‍ഭിണികള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് അമ്മയ്ക്കും കുട്ടിക്കും ഹാനികരമല്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അത്തരം വിലക്കുകള്‍ക്ക് വൈദ്യശാസ്ത്രത്തില്‍ ഒരു അടിസ്ഥാനവുമില്ല. സസ്യാഹാരത്തിലേക്ക് മാറണമെന്ന നിര്‍ദേശം ഗുരുതര പ്രത്യാഘാതമുണ്ടാക്കും. ഗര്‍ഭകാലത്ത് മാംസ്യം, ഇരുമ്പ്, കാത്സ്യം എന്നിവ ശരീരത്തിന് അത്യാവശ്യമാണ്. ഇവയുടെ കുറവ് ഗര്‍ഭിണികളില്‍ വിളര്‍ച്ചയുണ്ടാക്കും. മത്സ്യവും മാംസവും കഴിക്കുകയാണ് പരിഹാരം. മാസം തികയാതെയുള്ള പ്രസവത്തിനും പോഷകാഹാരക്കുറവ് ഇടയാക്കും.
പോഷകക്കുറവുള്ള കുട്ടികള്‍ ജനിക്കുന്ന രാജ്യത്ത് ഗര്‍ഭിണികള്‍ മാംസാഹാരംകൂടി ഒഴിവാക്കണമെന്ന നിര്‍ദേശം വിഢിത്തമാണെന്ന് ഡോ. ബി ഇക്ബാല്‍ പറഞ്ഞു. പ്രത്യേക അജന്‍ഡയുടെ ഭാഗമാണ് ഈ തീരുമാനവും. ഇടപെടലുകള്‍ നമ്മുടെ അടുക്കളയിലേക്കും കിടപ്പറയിലേക്കും എത്തിയെന്ന യാഥാര്‍ഥ്യം തിരിച്ചറിയാനുള്ള സമയം അതിക്രമിച്ചതായി അദ്ദേഹം പറഞ്ഞു.
ഗര്‍ഭിണികള്‍ക്കായി ഒരു മന്ത്രാലയം പൊതുനിര്‍ദേശം നല്‍കുന്നത് യുക്തിരഹിതമാണെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗം റിട്ട. പ്രൊഫസര്‍ ടി നാരായണന്‍ പറഞ്ഞു. ഓരോ ഗര്‍ഭിണിയും വ്യത്യസ്തയാണ്. ഓരോരുത്തരെയും പരിശോധിച്ചു മാത്രമേ ആഹാരവും വിശ്രമവും ലൈംഗികബന്ധവും നിര്‍ദേശിക്കാനാവൂ. ഗര്‍ഭാവസ്ഥയില്‍ ശരീരഭാരം കുറയുന്നവരും കുട്ടികളുടെ ഭാരം കൂടാത്തവരും നിര്‍ബന്ധമായും മാംസാഹാരം കഴിക്കണം. സാധാരണഗതിയില്‍ ഗര്‍ഭിണികള്‍ക്ക് ലൈംഗികബന്ധമാകാമെന്നും ഡോ. നാരായണന്‍ പറഞ്ഞു.
കൃത്യമായ രാഷ്ട്രീയം ഇത്തരം നിര്‍ദേശങ്ങള്‍ക്കു പിന്നിലുണ്ടെന്ന് ഡോ. ഖദീജാ മുംതാസ് പറഞ്ഞു. ഗര്‍ഭിണികള്‍ക്ക് പ്രോട്ടീനും ഇരുമ്പും കിട്ടാന്‍ മാംസാഹാരം വേണം. ഇരുമ്പിന്റെ അംശം എളുപ്പത്തില്‍ കിട്ടുന്നത് മാംസാഹാരത്തിലൂടെയാണ്. സസ്യാഹാരം മാത്രം കഴിക്കുന്നവര്‍ക്ക് രക്തക്കുറവുണ്ടാകും.
കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗരേഖ അശാസ്ത്രീയവും തെളിവുകള്‍ക്കടിസ്ഥാനമില്ലാത്തതുമായതിനാൽ വിഢിത്തമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വി ജി പ്രദീപ്കുമാര്‍ പറഞ്ഞു. ശാസ്ത്രീയമായ തെളിവുകളില്ലാതെ പൊതുജനാരോഗ്യത്തെ പ്രശ്നങ്ങളെക്കുറിച്ചും ചികിത്സാരീതികളെക്കുറിച്ചും കേന്ദ്ര സര്‍ക്കാരിന്റെ ഒരു വകുപ്പുതന്നെ മാര്‍ഗരേഖ പ്രസിദ്ധീകരിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കും. അതിനാല്‍ ഇത് പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.