കെവിന്‍ വധക്കേസ് ദുരഭിമാനക്കൊലയാണോയെന്ന് കൂടുതല്‍ വ്യക്തത വരുത്താൻ സെഷന്‍സ് കോടതി വിധി പറയുന്നത് 22 ലേക്ക് മാറ്റി. ഇക്കാര്യത്തില്‍ കോടതി വീണ്ടും വാദംകേട്ടു. കെവിന്‍ താഴ്ന്ന ജാതിയില്‍പ്പെട്ടയാളാണെന്ന് കാട്ടി കേസിലെ മുഖ്യ സാക്ഷി ലിജോയ്‌ക്ക് ഒന്നാം പ്രതി ഷാനു ചാക്കോ അയച്ച വാട്‌സാപ്പ് സന്ദേശം ഇതിനു തെളിവാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കെവിനെ ജാതിപറഞ്ഞ് അധിക്ഷേപിച്ചതായും കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി കണക്കാക്കണമെന്നും ദുരഭിമാനക്കൊലയായി പ്രഖ്യാപിക്കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ഒരുമാസത്തിനകം വിവാഹം നടത്തിക്കൊടുക്കാമെന്ന് നീനുവിന്റെ അച്ഛന്‍ ചാക്കോ പൊലീസ് സ്‌റ്റേഷനില്‍ വച്ച് പറഞ്ഞിരുന്നതായും ഇക്കാര്യം നീനു കോടതിയില്‍ സമ്മതിച്ചതാണെന്നും പ്രതിഭാഗം വാദിച്ചു. ഇരുവിഭാഗവും ക്രിസ്ത്യാനികളാണ്. കെവിനും കുടുംബവും മൂന്നു തലമുറയായി മാമ്മോദീസ മുങ്ങിയ ക്രിസ്‌ത്യാനികളാണ്. ക്രിസ്‌ത്യാനികള്‍ക്കിടയില്‍ വ്യത്യസ്ഥ ജാതികളില്ല. അതിനാല്‍ ദുരഭിമാന കേസ് അല്ലെന്നും പ്രതിഭാഗം ഉച്ചയിച്ചു. ദുരഭിമാനക്കൊല സംബന്ധിച്ച ജസ്റ്റിസ് മാര്‍ക്കണ്ഡേയ കഠ്‌ജുവിന്റെ വിധി പ്രോസിക്യൂഷന്‍ ഉന്നയിച്ചു. ഇക്കാര്യം പരിശോധിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ കോടതി കേസ് മാറ്റുകയായിരുന്നു.
2018 മേയ് 28-നാണ് കെവിന്റെ മൃതദേഹം നിലയില്‍ പുനലൂരിനു സമീപം ചാലിയക്കര ആറ്റില്‍ കണ്ടെത്തിയത്. കെവിന്റെ ഭാര്യ നീനുവിന്റെ അച്ഛന്‍ ചാക്കോ, സഹോദരന്‍ ഷാനു ചാക്കോ എന്നിവര്‍ ഉള്‍പ്പെടെ 14 പേരാണ് പ്രതികള്‍. ഒന്‍പതുപേര്‍ ജയിലിലും അഞ്ചുപേര്‍ ജാമ്യത്തിലുമാണ്. ദുരഭിമാനക്കൊലയായി പരിഗണിച്ച് 90 ദിവസംകൊണ്ട് വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി ബുധനാഴ്‌ച വിധിപറയാനിരിക്കെയാണ് വീണ്ടും വാദംകേട്ടത്.