മോഷ്ടാക്കള്‍ രണ്ട് മാസം കൊണ്ട് 50 അടി നീളത്തില്‍ തുരങ്കമുണ്ടാക്കി മുംബൈയിലെ ബാങ്കില്‍ നിന്ന് കവര്‍ന്നത് ഒന്നരക്കോടി രൂപ. മുപ്പതോളം ലോക്കറുകള്‍ തകര്‍ത്ത മോഷ്ടാക്കള്‍ പണവും സ്വര്‍ണ്ണവും കൊള്ളയടിച്ചു. ജുനിനഗറിലെ ബാങ്ക് ഓഫ് ബറോഡയുടെ ശാഖയിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച ബാങ്ക് തുറന്നപ്പോഴാണ് മോഷണം തിരിച്ചറിഞ്ഞത്. ഭക്തി റസിഡന്‍സ് എന്ന കെട്ടിടത്തില്‍ നാല് മുറികളിലായാണ് ബാങ്ക് സ്ഥിതി ചെയ്യുന്നത്. ഈ കെട്ടിടത്തിലെ ഏഴാം നമ്പര്‍ മുറി മോഷ്ടാക്കള്‍ തുരംഗം നിര്‍മ്മിക്കാനായി വാടകയ്ക്ക് എടുക്കുകയായിരുന്നു. തുടര്‍ന്ന് ബാലാജി ജനറല്‍ സ്‌റ്റോഴ്‌സ് എന്ന പേരില്‍ ഇവിടെ കടതുറന്നു.ഈ മുറിയില്‍ നിന്ന് അഞ്ചടി താഴ്ചയിയില്‍ കുഴിതീര്‍ത്തു. തുടര്‍ന്ന് തൊട്ടടുത്ത രണ്ട് കടമുറികളുടെ അടിയിലൂടെ 40 അടി നീളത്തില്‍ തുരംഗം നിര്‍മ്മിക്കുകയായിരുന്നു. ബാങ്കിന്റെ ലോക്കര്‍ റൂമിന് താഴെയാണ് ഇത് അവസാനിക്കുന്നത്. തുടര്‍ന്ന് അഞ്ച് അടി ഉയരത്തില്‍ മുകളിലേക്ക് തുരന്നാണ് ബാങ്കില്‍ കടന്നത്. മണ്ണും കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളും പുറത്തുകൊണ്ടുപോയി കളയുകയായിരുന്നു. അത്യാധുനിക ഉപകരണങ്ങള്‍ കൊണ്ടാണ് ലോക്കറുകള്‍ തകര്‍ത്തിരിക്കുന്നത്.തൊട്ടടുത്ത് നിരവധി കടകളുണ്ട്. ഒരു സുരക്ഷാ ഏജന്‍സിയുടെ ഓഫീസടക്കം ഈ കെട്ടിടത്തിലുണ്ട്. എപ്പോഴും ആള്‍പ്പെരുമാറ്റമുള്ള സ്ഥലവുമാണ്. എന്നിട്ടും ഊടുവഴിയുണ്ടാക്കുന്നത് ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല.ജെനാ ബെച്ചന്‍ എന്നയാള്‍ ആറുമാസം മുന്‍പാണ് കട വാടകയ്‌ക്കെടുത്തത്. രണ്ട് മാസങ്ങള്‍ക്ക് ശേഷം കട മറ്റൊരാള്‍ക്ക് കൈമാറിയെന്നറിയിച്ച് ഇയാള്‍ പോവുകയും ചെയ്തു. ബാങ്കിന്റെ ലോക്കറില്‍ സിസിടിവി സ്ഥാപിച്ചിട്ടില്ല.മറ്റു മുറികളിലെ സിസിടിവിയില്‍ മോഷ്ടാക്കള്‍ പെട്ടിട്ടുമില്ല.കെട്ടിടത്തിന്റെ പുറത്തെ സിസിടിവി പരിശോധിച്ചതിലും മോഷണം സംബന്ധിച്ച് സൂചന നല്‍കുന്ന ദൃശ്യങ്ങളില്ലെന്നത് പൊലീസിനെ കുഴക്കുന്നുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
50 അടി നീളത്തില്‍ തുരങ്കമുണ്ടാക്കി ബാങ്കില്‍ നിന്ന് ഒന്നരക്കോടി രൂപ കവർന്നു
RELATED ARTICLES