വിലക്ക് തുടരുമെന്ന് സുപ്രീംകോടതി, ശ്രീശാന്തിന് കൗണ്ടി ക്രിക്കറ്റ് കളിക്കാനാവില്ല

sreesanth

ഐ.പി.എല്‍ ഒത്തുകളികേസില്‍ ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് മലയാളി താരം ശ്രീശാന്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി നിരസിച്ചു. വിലക്കിനെതിരെ താരങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ജൂലൈയോടെ തീര്‍പ്പ് കല്‍പ്പിക്കാന്‍ ഡല്‍ഹി ഹൈക്കോടതിയ്‌ക്ക് നിര്‍ദ്ദേശം നല്‍കാനും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റില്‍ മത്സരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട ശ്രീശാന്ത് സര്‍മപ്പിച്ച ഹര്‍ജിലാണ് കോടതിയുടെ ഉത്തരവ്.ഇന്ത്യന്‍ പ്രിമിയര്‍ ലീഗിന്റെ ആറാം സീസണിലെ വാതുവയ്പ്പ് കേസിനെത്തുടര്‍ന്ന് 2013 ഒക്ടോബര്‍ പത്തിനാണ് ബി.സി.സി.ഐ ശ്രീശാന്തിനെതിരെ വിലക്ക് ഏര്‍പ്പെടുത്തിയത്. രാജസ്ഥാന്‍ റോയല്‍സിലെ താരമായിരുന്ന ശ്രീശാന്തിനെ പഞ്ചാബ് കിംഗ്സ് ഇലവനുമായി നടന്ന മത്സരത്തില്‍ വാതുവയ്‌പിന് വിധേയനായി കളിച്ചെന്ന് കണ്ടെത്തി 2013 മേയ് 16 ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ പട്യാല അഡി. സെഷന്‍സ് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയെങ്കിലും ബി.സി.സി.ഐ വിലക്ക് നീക്കിയില്ല. ഇതിനെതിരെ ശ്രീശാന്ത് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിലക്ക് നീക്കിയെങ്കിലും ബി.സി.സി.ഐയുടെ അപ്പീല്‍ പരിഗണിച്ച ഡിവില്‍ന്‍ ബെഞ്ച് വിലക്ക് ശരിവച്ചു. തുടര്‍ന്നാണ് താരം സുപ്രീംകോടതിയിലേക്ക് നീങ്ങിയത്.ഹര്‍ജി പരിഗണിച്ച കോടതി ക്രിക്കറ്റ് കളിക്കാനുള്ള ശ്രീശാന്തിന്റെ ആഗ്രഹം മനസിലാക്കിയെങ്കിലും ഡല്‍ഹി പൊലീസ് നല്‍കിയ അപ്പീലില്‍ ഡല്‍ഹി ഹൈക്കോടതിയുടെ വിധി വരുന്നത് വരെ കാത്തിരിക്കാന്‍ ഉത്തരവിടുകയായിരുന്നു. ശ്രീശാന്തിനും മറ്റ് താരങ്ങള്‍ക്കുമെതിരെ വാതുവയ്പ് കേസില്‍ വ്യക്തമായ തെളിവുകളുണ്ടെന്നായിരുന്നു ബി.സി.സി.ഐയുടെ അഭിഭാഷകന്റെ വാദം. എന്നാല്‍ ശ്രീശാന്ത് കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തിയിട്ടുണ്ടെന്നും ഒരു ക്രിക്കറ്ററുടെ ശോഭനമായ ഭാവി നശിപ്പിക്കുകയാണ് ബി.സി.സി.ഐ ചെയ്യുന്നതെന്നും ശ്രീശാന്തിന്റെ അഭിഭാഷകന്‍ സല്‍മാന്‍ ഖുര്‍ഷിദ് വാദിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇടക്കാല ആശ്വാസമായി ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റില്‍ കളിക്കാന്‍ അദ്ദേഹത്തെ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.