കേസില്‍ അറസ്റ്റിലായ ദിലീപിന് ജാമ്യമില്ല. ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിച്ച അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. കസ്റ്റഡി തീര്‍ന്ന സാഹചര്യത്തില്‍ ഇന്ന് വൈകീട്ട് ദിലീപിനെ കോടതി മുമ്പാകെ ഹാജരാക്കിയപ്പോഴാണ് കോടതിയുടെ നിര്‍ണായക വിധി. ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ ജൂലൈ 25 വരെ റിമാന്‍ഡില്‍ തുടരും. വിധി കേട്ട ശേഷം ദിലീപിനെ ആലുവ സബ് ജയിലേക്ക് മാറ്റി.
ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. ആക്രമിക്കപ്പെട്ട നടിക്കെതിരെ നടന്‍ ദിലീപ് നടത്തിയ ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ മനോനില വ്യക്തമാക്കുന്നതാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഇതിനെതിരെ ശക്തമായ വാദവുമായി പ്രതിഭാഗവും രംഗത്തെത്തി. ആക്രമിക്കപ്പെട്ട നടിക്ക് അനുകൂലമായി പൊതുസമൂഹം ശക്തമായി നിലയുറപ്പിച്ചപ്പോള്‍ ദിലീപ് നടത്തിയ നടിക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. കസ്റ്റഡിയില്‍ ഇരിക്കുന്ന കാലയളവില്‍ തന്നെ ദിലീപിന് വേണ്ടി സാമൂഹ്യ മാധ്യമങ്ങളില്‍ അനുകൂല പ്രചരണം നടക്കുന്നുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.
അതേസമയം ദിലീപിന്റെ രണ്ടു മൊബൈല്‍ ഫോണുകള്‍ പ്രതിഭാഗം കോടതിയില്‍ ഹാജരാക്കി. ഫോണ്‍ പൊലീസിനെ ഏല്‍പ്പിച്ചാല്‍ കൃത്രിമം കാണിക്കുമെന്നും പ്രതിഭാഗം കോടതിയില്‍ അറിയിച്ചു.