ഫ്രാങ്കോയ്‌ക്കെതിരെ സമരം ചെയ്ത കന്യാസ്ത്രീകള്‍ക്ക് നേരെ പ്രതികാര നടപടിയെന്ന് ആരോപണം

franko

പീഡന കേസിൽ അറസ്റ്റിലായിരുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെ സമരം ചെയ്ത കന്യാസ്ത്രീകള്‍ക്ക് നേരെ പ്രതികാര നടപടി. രാജ്യശ്രദ്ധ നേടിയ കന്യാസ്ത്രീകളുടെ സമരത്തിന് നേതൃത്വം നല്‍കിയ സിസ്്റ്റര്‍ അനുപമ ഉള്‍പ്പെടെയുളള നാല് കന്യാസ്ത്രീകളെ മിഷണറീസ് ഓഫ് ജീസസ് കൂട്ടത്തോടെ സ്ഥലം മാറ്റി. പഞ്ചാബ് അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കാണ് ഇവരെ സ്ഥലം മാറ്റിയിരിക്കുന്നത്. സിസ്റ്റര്‍ അനുപമയെ കൂടാതെ സിസ്റ്റര്‍ ആന്‍സിറ്റ, ജോസഫിന്‍, നീന റോസ്, ആല്‍ഫി എന്നിവരേയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. സഭയ്‌ക്കെതിരെ സമരം ചെയ്തത് അച്ചടക്ക ലംഘനമാണ് എന്ന് കാട്ടി മദര്‍ ജനറല്‍ കന്യാസ്ത്രീകള്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. 2018 മാര്‍ച്ചില്‍ കന്യാസ്ത്രീകളെ ഇതേ സ്ഥലങ്ങളിലേക്ക് മാറ്റിയിരുന്നു. എന്നാലവര്‍ പോകാന്‍ തയ്യാറായി. തുടര്‍ന്നാണ് അതത് സ്ഥലങ്ങളിലേക്ക് മാറാന്‍ നിര്‍ദേശിച്ച്‌ കൊണ്ട് മദര്‍ ജനറല്‍ വീണ്ടും കത്ത് നല്‍കിയിരിക്കുന്നത്. ഫ്രാങ്കോ മുളയ്ക്കലിന് എതിരെ സമരം ചെയ്തതിലുളള പ്രതികാര നടപടിയാണ് സ്ഥലം മാറ്റമെന്ന് സിസ്റ്റര്‍ അനുപമ ആരോപിക്കുന്നു. നടപടിയെ നിയമപരമായി നേരിടുമെന്നും പരാതിക്കാരിയായ കന്യാസ്ത്രീയെ തനിച്ചാക്കി പോകില്ലെന്നും സിസ്റ്റര്‍ അനുപമ വ്യക്തമാക്കി. പരാതിക്കാരിയായ കന്യാസ്ത്രീയെ സ്ഥലം മാറ്റിയിട്ടില്ല. സിസ്റ്റര്‍ അനുപമയ്ക്ക് പഞ്ചാബിലേക്ക് സ്ഥലം മാറ്റം ലഭിച്ചപ്പോള്‍ സിസ്റ്റര്‍ ജോസഫിനെ മാറ്റിയിരിക്കുന്നത് ജാര്‍ഖണ്ഡിലേക്കാണ്. സിസ്‌ററര്‍ ആന്‍സിറ്റയെ കണ്ണൂരിലേക്കും സിസ്റ്റര്‍ ആല്‍ഫിയെ ബീഹാറിലേക്കുമാണ് മാറ്റിയത്. സ്ഥലം മാറ്റം സ്വാഭാവിക നടപടിയാണ് എന്നാണ് മദര്‍ ജനറലിന്റെ പ്രതികരണം.