തെറ്റ് ചെയ്യാത്തതുകൊണ്ട് മാപ്പ് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍. ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം നടത്തിയ കന്യാസ്ത്രീകളെ പിന്തുണച്ചതിന്റെ പേരില്‍ മദര്‍ സുപ്പീരിയര്‍ ജനറല്‍ അയച്ച കാരണം കാണിക്കല്‍ നോട്ടീസിന്റെ പേരിലാണ് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ പ്രതികരിച്ചത് . ആദ്യം കൊടുത്ത വിശദീകരണം തൃപ്തിയല്ലെന്ന് കാണിച്ചാണ് വീണ്ടും നോട്ടീസ് അയച്ചിരിക്കുന്നതെന്നും തനിക്ക് പറ്റുന്ന പോലെയുള്ള വിശദീകരണം തന്നെയാണ് നേരത്തെ നല്‍കിയതെന്നും സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ പ്രതികരിച്ചു. മാപ്പ് പറയണമെന്നാണ് അവരുടെ ആവശ്യമെന്നും എന്നാല്‍ താന്‍ തെറ്റ് ചെയ്യാത്തതുകൊണ്ട് തന്നെ മാപ്പ് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ലൂസി കളപ്പുരയ്ക്കല്‍ വ്യക്തമാക്കി. ഞാന്‍ ചെയ്തിരിക്കുന്നത് ശരിയാണ് എന്ന് തന്നെയാണ് ഇപ്പോഴും ഉറച്ചുവിശ്വസിക്കുന്നത്. അപ്പോള്‍ പിന്നെ ചെയ്തത് തെറ്റായിപ്പോയി എന്ന് പറഞ്ഞ് മാപ്പ് പറയേണ്ട കാര്യമില്ലല്ലോ. അതിന് എന്തായാലും ഉദ്ദേശിക്കുന്നില്ല. മാര്‍ച്ച് 20 വരെയാണ് സമയം തന്നത്. മറുപടി ഞാന്‍ നല്‍കുമെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു. ഞാന്‍ തെറ്റ് ചെയ്തു എന്ന് അവര്‍ തെളിയിക്കട്ടേ. അതുവരെ ഞാന്‍ ഇവിടെയുണ്ടാകും. മറുപടി കൊടുക്കാന്‍ തന്നെയാണ് ഉദ്ദേശിച്ചിരിക്കുന്നത്. പക്ഷേ നേരത്തെ നല്‍കിയ മറുപടിയില്‍ നിന്നും വ്യത്യസമൊന്നും ഉണ്ടാകില്ലെന്ന് മാത്രം- ലൂസി കളപ്പുരയ്ക്കല്‍ പറഞ്ഞു. മുന്‍പത്തെ നോട്ടിസിനുള്ള മറുപടി തൃപ്തികരമല്ലെന്ന് കാണിച്ചാണ് മദര്‍ സുപ്പീരിയര്‍ ജനറല്‍ വീണ്ടും ലൂസി കളപ്പുരയ്ക്കലിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. സന്യാസസമൂഹത്തില്‍നിന്ന് പുറത്താക്കുമെന്നാണ് നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കിയത്.