Friday, April 26, 2024
HomeKeralaവ്രതശുദ്ധിയുടെ തിളക്കവുമായി ശബരിമല വീണ്ടും ഉണർന്നു

വ്രതശുദ്ധിയുടെ തിളക്കവുമായി ശബരിമല വീണ്ടും ഉണർന്നു

വ്രതശുദ്ധിയുടെ തിളക്കവുമായി മണ്ഡലക്കാലം വീണ്ടും വരവായി. ശരീരവും മനസ്സും ശുദ്ധമാക്കുന്ന കഠിനവ്രതവുമായി മല ചവിട്ടാന്‍ ആയിരക്കണക്കിന് ഭക്തര്‍ ഒരുങ്ങിക്കഴിഞ്ഞു.നാവിലും മനസ്സിലും ശരണമന്ത്രങ്ങളുമായി എത്തിയ ഭക്തലക്ഷങ്ങൾക്ക് ദർശന സുകൃതമായി മണ്ഡലകാല തീർഥാടനത്തിന് ശബരീശ ക്ഷേത്രനട തുറന്നു. മഞ്ഞണിഞ്ഞ മാമലയിലെന്ന പോലെ ടൗണുകളിലും നാട്ടിൻപുറങ്ങളിലും ഇനിയുള്ള രണ്ടു മാസം നിറയുന്നത് ശരണ മന്ത്രങ്ങൾ മാത്രം. എരുമേലി ഇപ്പോള്‍ വിശ്രമത്തിന്റെ ആലസ്യത്തില്‍ നിന്ന് ഉണർന്നു കഴിഞ്ഞു. മണ്ഡല ചിറപ്പുത്സവത്തിനായി ക്ഷേത്രങ്ങളും ഒരുങ്ങി. രാത്രിയും പകലുമെല്ലാം നൂറുകണക്കിന് സീസണ്‍ കടകള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.ഇന്നു മുതൽ 41 ദിവസം നീളുന്നതാണ് മണ്ഡലവ്രതം. ഇക്കാലത്ത് ക്ഷേത്രങ്ങളിൽ ഭാഗവതപാരായണം, അഖണ്ഡനാമജപയജ്ഞം, ദീപക്കാഴ്ച, ഭജന എന്നിവ നടക്കും.റാന്നി തോട്ടമൺകാവ് ദേവീക്ഷേത്രം, രാമപുരം മഹാവിഷ്ണു ക്ഷേത്രം, ഭഗവതികുന്ന് ദേവീക്ഷേത്രം, അങ്ങാടി ശാലീശ്വരം മഹാദേവ ക്ഷേത്രം, പുല്ലൂപ്രം ശ്രീകൃഷ്ണ ക്ഷേത്രം, പേരൂച്ചാൽ പേരൂർ മഹാദേവ ക്ഷേത്രം, ഇടപ്പാവൂർ ഭഗവതിക്ഷേത്രം, മൂക്കന്നൂർ മഹാദേവ ക്ഷേത്രം, അയിരൂർ പുതിയകാവ് ദേവീക്ഷേത്രം, കരികുളം അന്തിമഹാകാള മഹാദേവ ക്ഷേത്രം, ചേത്തയ്ക്കൽ ദേവീ–ശാസ്താ ക്ഷേത്രം, കുന്നം ദേവീക്ഷേത്രം, നൂറോക്കാട് ധർമശാസ്താ ക്ഷേത്രം, ഇടമുറി മഹാക്ഷേത്ര സമുച്ചയം, പരുവ മഹാദേവ ക്ഷേത്രം, കടുമീൻചിറ അരുവിപ്പുറം മഹാദേവ ക്ഷേത്രം, പെരുനാട് മാളികപ്പുറം ദേവീക്ഷേത്രം, കക്കാട്ട് കോയിക്കൽ ധർമശാസ്താ ക്ഷേത്രം, മാടമൺ ഹൃഷികേശ ക്ഷേത്രം, വടശേരിക്കര പ്രയാർ മഹാവിഷ്ണു ക്ഷേത്രം, ചെറുകാവ് ദേവീക്ഷേത്രം, പെരുമ്പേക്കാവ് ദേവീക്ഷേത്രം, ചെറുകുളഞ്ഞി പരുത്തിക്കാവ് ദേവീക്ഷേത്രം, കടമാൻകുന്ന് മഹാദേവ ക്ഷേത്രം, ഇടക്കുളം അയ്യപ്പക്ഷേത്രം, പുതുശേരിമല ചെറുവള്ളിക്കാവ് ദേവീക്ഷേത്രം, കീക്കൊഴൂർ ചെറുവള്ളിക്കാവ് ദേവീക്ഷേത്രം എന്നിവിടങ്ങളിൽ ഇന്നു മുതൽ മണ്ഡല ചിറപ്പുത്സവം നടക്കും.

സ്ഥാനം ഒഴിഞ്ഞ മേൽശാന്തി ടി.എം.ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി പതിനെട്ടാംപടിയിറങ്ങി ആഴി തെളിച്ച ശേഷം പുതിയ മേൽശാന്തിമാരായ ചാലക്കുടി കൊടകരമംഗലത്ത് അഴകത്തുമനയിൽ എ.വി.ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, കൊല്ലം മൈനാഗപ്പള്ളി കല്ലേലിഭാഗം വരിക്കം ഇല്ലത്ത് അനീഷ് നമ്പൂതിരി എന്നിവരെ കൈപിടിച്ചു പതിനെട്ടാംപടി കയറ്റി. ഇന്നു മുതൽ എല്ലാ ദിവസവും പുലർച്ചെ മൂന്നിനു നടതുറന്നാൽ ഉച്ചയ്ക്ക് ഒന്നിനേ അടയ്ക്കൂ. വൈകിട്ട് മൂന്നിനു വീണ്ടും തുറക്കും. രാത്രി 11 വരെ ദർശനം നടത്താം.

സൗജന്യമായി ആംബുലൻസ് സർവീസ്

മണ്ഡലകാലത്ത് സൗജന്യമായി ആംബുലൻസ് സർവീസ് ഒരുക്കി മെഡികെയർ ലബോറട്ടറീസ് ഉടമ ഇളകൊള്ളൂർ പാറയ്ക്കൽ പടിഞ്ഞാറ്റേതിൽ പി.വി. വിഷ്ണു ഏവരുടെയും കണ്ണിലുണ്ണിയായി. 24 മണിക്കൂറും തന്റെ ആംബുലൻസുകൾ ക്രമീകരിച്ചിട്ടുണ്ട്. തീർഥാടന സമയത്ത് താലൂക്ക് ആസ്ഥാനത്ത് സർക്കാർ ആംബുലൻസ് സൗകര്യമൊരുക്കണമെന്ന് അവലോകനയോഗങ്ങളിൽ വർഷങ്ങളായി ആവശ്യം ഉയരാറുണ്ടെങ്കിലും നടപ്പാകാറില്ല. ആംബുലൻസും ഡ്രൈവറെയും ലഭ്യമാകാത്തതാണു കാരണം. ഈ സാഹചര്യത്തിലാണ് കോന്നി കേന്ദ്രമാക്കി തന്റെ എല്ലാ വാഹനവും സൗജന്യമായി സർവീസ് നടത്താൻ വിഷ്ണു തയാറാകുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം ഏറ്റവുമധികം അയ്യപ്പഭക്തർ കടന്നുവരുന്ന പുനലൂർ– മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കലഞ്ഞൂർ മുതൽ പത്തനംതിട്ട 25 കിലോമീറ്ററിലും പരിസരപ്രദേശങ്ങളിലും അപകടങ്ങൾ സംഭവിച്ചാൽ അവിടെയെത്തി പരുക്കേൽക്കുന്നവരെ ആശുപത്രിയിൽ എത്തിക്കും. ഫോൺ: 9846729418, 0468 2247676. വിഷ്ണുവിനൊപ്പം ഒരു കൂട്ടം യുവാക്കളും രാപകൽ വ്യത്യാസമില്ലാതെ സേവന സന്നദ്ധരായിട്ടുണ്ട്. വിഷ്ണു, അനു കല്യാണി, ആസിഫ്, രാജേഷ്, ആകാശ്, അജിൻ എന്നിവരായിരിക്കും ആംബുലൻസുകൾ ഓടിക്കുക.

സുരക്ഷാ സംവിധാനങ്ങൾ

മണ്ഡലകാലത്തിന് തുടക്കം കുറിച്ചതിനു പിന്നാലെ ശബരിമല ക്ഷേത്രത്തിലെ സുരക്ഷാ ക്രമീകരണം ശക്തമാക്കി. പഴുതടച്ച സുരക്ഷയാണ് ഇത്തവണ ശബരിമലയില്‍ ഒരുക്കിയിരിക്കുന്നത്. മുന്‍ കാലങ്ങളില്‍ നേരിടേണ്ടിവന്ന വന്ന പ്രത്യേക സാഹചര്യങ്ങളും പോലീസിന്റെ പഴയ പ്രവര്‍ത്തനങ്ങളും വിലയിരുത്തിയാണ് സുരക്ഷ ശക്തമാക്കിയതെന്ന് ശബരിമല ചീഫ് കോര്‍ഡിനേറ്ററും ആംഡ് പോലീസ് ബറ്റാലിയന്‍ എഡിജിപിയുമായ സുധേഷ് കുമാര്‍ വ്യക്തമാക്കി.

തീർത്ഥാടക സേവന കേന്ദ്രങ്ങൾ

റാന്നി പെരുമ്പുഴയിലും പെരുനാട് കൂനംകര ശബരിശരണാശ്രമത്തിലും തീര്‍ഥാടക സേവനകേന്ദ്രങ്ങള്‍ തുറന്നു. റാന്നി തിരുവിതാംകൂര്‍ ഹിന്ദു ധര്‍മ്മപരിഷത്താണ് റാന്നി രാമപുരം ക്ഷേത്രത്തിനുസമീപം ഈ വര്‍ഷവും സേവന കേന്ദ്രം തുറന്നത്. അയ്യപ്പസേവാ സമാജമാണ് പെരുനാട് കൂനംകര ശബരിശരണാശ്രമം കേന്ദ്രീകരിച്ച് തീര്‍ഥാടക സേവന പ്രവര്‍ത്തനങ്ങളും അന്നദാനവും തുടങ്ങിയത്. നിയുക്ത ശബരിമല മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി റാന്നിയിലെ സേവന കേന്ദ്രം ഉദ്ഘാടനം ചെയ്തു. പരിഷത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. പരിഷത്ത് പ്രസിഡന്റ് പി.എന്‍ നീലകണ്ഠന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ മുഖ്യ പ്രഭാഷണം നടത്തി. സ്വാര്‍ഥ താല്പര്യങ്ങള്‍ വെടിഞ്ഞ് മറ്റുള്ളവര്‍ക്കായി സേവന പ്രവര്‍ത്തനങ്ങല്‍ നടത്തുമ്പോഴാണ് ഒരാള്‍ ആത്മീയമായി ഉയരുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജു ഏബ്രഹാം എം.എല്‍.എ., മാളികപ്പുറം നിയുക്ത മേല്‍ശാന്തി അനീഷ് നമ്പൂതിരി, ഗിരിജാ മധു, ശശികലാ രാജശേഖരന്‍, സൂസന്‍ അലക്‌സ്, പി.എ ബാലകൃഷ്ണപിള്ള, പി.ആര്‍.പ്രസാദ്, ഷൈന്‍.ജി.കുറുപ്പ്, ഭദ്രന്‍ കല്ലയ്ക്കല്‍, റ്റി.സി.കുട്ടപ്പന്‍ നായര്‍, ജി.രജീഷ്, വി.കെ രാജഗോപാല്‍, പ്രസാദ് കുഴികാലാ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പെരുനാട് കൂനംകര ശബരിശരണാശ്രമത്തിലെ തീര്‍ഥാടകസേവന പ്രവര്‍ത്തനങ്ങളും അന്നദാനവും അക്കീരമണ്‍ കാളിദാസ ഭട്ടതിരി ഉദ്ഘാടനം ചെയ്തു. സ്വാമി അയ്യപ്പദാസ് അധ്യക്ഷത വഹിച്ചു. നിയുക്ത ശബരിമല മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, മാളികപ്പുറം നിയുക്ത മേല്‍ശാന്തി അനീഷ് നമ്പൂതിരി, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, വി.കെ.വിശ്വനാഥന്‍, മന്മഥന്‍ നായര്‍, കരിങ്കുന്നം രാമചന്ദ്രന്‍ നായര്‍, ബീനാ സജി, സി.ആര്‍ മോഹനന്‍, എന്‍.ജി രവീന്ദ്രന്‍, എം.കെ.അരവിന്ദാക്ഷന്‍, രവി കുന്നയ്ക്കാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments