ചിക്കാഗോയിലെ പ്രമുഖ അറ്റോര്‍ണിമാരായ ദമ്പതിമാര്‍ മരിച്ച നിലയില്‍

ഓക്ക്പാർക്ക് ∙ ഷിക്കാഗോയിലെ ഓക്ക്പാർക്കിൽ പ്രമുഖ അറ്റോർണിമാരായ ഭാര്യയും ഭർത്താവും സംശയാസ്പദമായ നിലയിൽ വീട്ടിൽ മരിച്ചു കിടക്കുന്നതായി കണ്ടെത്തി. ഓക്ക്പാർക്ക് പൊലീസ് ചീഫ് ലഡൻ റെയ്നോൾഡ് പുറത്തുവിട്ട വീഡിയോയിലാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്.                      ഏപ്രിൽ 13 തിങ്കളാഴ്ച ഫെയർ ഓക്ക് അവന്യുവിലുള്ള വീട്ടിൽ നടത്തിയ വെൽഫെയർ ചെക്കിങ്ങിനിടയിലാണ് അറ്റോർണിമാരായ തോമസ് ഇ. ജോൺസൻ (69) ഭാര്യ ലെസ്‌ലി ആൻ ജോൺ (67) എന്നിവരുടെ മൃതദേഹം കണ്ടെത്തിയത്.                                        പ്രാഥമിക അന്വേഷണത്തിൽ മൃതശരീരത്തിൽ കണ്ടെത്തിയ മുറിവുകൾ സ്വയം വരുത്തിയതല്ലെന്നാണ് പൊലീസ് ചീഫ് അഭിപ്രായപ്പെട്ടത്.ഷിക്കാഗോ ലൊഫേം ജോൺസൺ ജോൺസ് സ്റ്റെല്ലിങ്ങ് ഗിൽബർട്ട് ആന്റ് ഡേവിസിന്റെ പാർട്നർമാരായിരുന്നു മരിച്ച ദമ്പതികൾ. മൂന്നു പതിറ്റാണ്ടായി ഇവർ അറ്റോർണിമാരായി സ്തുത്യർഹ സേവനം അനുഷ്ഠിച്ചു വരികയായിരുന്നുവെന്ന് സഹപ്രവർത്തകർ പറയുന്നു.                     ഷിക്കാഗോ പോലീസ് ബോർഡിൽ 1991 മുതൽ ഹിയറിങ് ഓഫിസറായി പ്രവർത്തിച്ചു വരികയായിരുന്നു ജോൺസൺ.ഇവരുടെ അസാധാരണ മരണത്തെക്കുറിച്ചു മേജർ ക്രൈം ടാസ്ക്ക്  ഫോഴ്സുമായി സഹകരിച്ചു അന്വേഷണം ഊർജ്ജിതപ്പെടുഊർജ്ജിതപ്പെടുത്തിയതായി പോലീസ് ചീഫ് പറഞ്ഞു. ഹാർവാർഡ് ലോ സ്കൂളിൽ നിന്നാണ് ഇരുവരും ബിരുദം നേടിയത്. ഇവർക്ക് മക്കളും കൊച്ചുമക്കളും ഉണ്ട്.