കുല്‍ഭൂഷണ്‍ ജാദവ് കേസുമായി ബന്ധപ്പെട്ട് ഇന്ത്യ കൂടുതല്‍ സമയം ആവശ്യപ്പെട്ടത് തള്ളി

kalbhooshan yadhav

കുല്‍ഭൂഷണ്‍ ജാദവ് കേസുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാന്‍ ഇന്ത്യ കൂടുതല്‍ സമയം ആവശ്യപ്പെട്ടത് അന്താരാഷ്ട്ര കോടതി (ഐസിജെ) തള്ളിയതായി പാകിസ്താന്‍. കുല്‍ഭൂഷണ്‍ ജാദവുമായി ബന്ധപ്പെട്ട ഫയലുകള്‍ സെപ്‌റ്റംബർ  13ന് ഹേഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര കോടതിയില്‍ സമര്‍പ്പിക്കണമെന്നു കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച ഫയല്‍ ഹാജരാക്കാന്‍ ആറുമാസത്തെ സമയം വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടതായി പാക് മാധ്യമം റിപോര്‍ട്ട് ചെയ്തു. കേസുമായി ബന്ധപ്പെട്ട രേഖകള്‍ സപ്തംബര്‍ 13ന് ഇന്ത്യ സമര്‍പ്പിക്കുകയാണെങ്കില്‍ മറുവാദങ്ങള്‍ സമര്‍പ്പിക്കാന്‍ പാകിസ്താന് ഡിസംബര്‍ 13 വരെ സമയമുള്ളതായി കോടതി പാക് പ്രതിനിധികളെ അറിയിച്ചതായും പാക് മാധ്യമം ദുനിയാ ന്യൂസ് ഏജന്‍സി റിപോര്‍ട്ട് ചെയ്തു. 2018 ജനുവരിമുതല്‍ അന്താരാഷ്ട്ര കോടതി ഈ കേസില്‍ വാദംകേള്‍ക്കുമെന്നു പാക് പത്രമായ ദി ഡോണ്‍ റിപോര്‍ട്ട് ചെയ്തു. എന്നാല്‍ ഇതുസംബന്ധിച്ച് ഇന്ത്യന്‍ സര്‍ക്കാര്‍ പ്രതികരിച്ചില്ല.അന്താരാഷ്ട്ര കോടതി രജിസ്ട്രാര്‍ നെതര്‍ലന്റ്‌സിലെ പാക് കോണ്‍സുലേറ്റിനെ ഇക്കാര്യം അറിയിച്ചതായി പാക് അറ്റോര്‍ണി ജനറല്‍ അസ്താര്‍ ഔസാഫ് അലിയെ പറഞ്ഞതായും റിപോര്‍ട്ടുണ്ട്. ചാരപ്രവര്‍ത്തനം ആരോപിച്ച് പാക് സൈനികകോടതി വധശിക്ഷയ്ക്കു വിധിച്ച മുന്‍ ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥന്‍ ഗുല്‍ഭൂഷണ്‍ ജാദവ് കേസിന്റെ സമയപ്പട്ടിക സംബന്ധിച്ച് ജൂണ്‍ എട്ടിന് ഇന്ത്യ-പാക് പ്രതിനിധികളുമായി ഐസിജെ പ്രസിഡന്റ് ചര്‍ച്ചനടത്തിയതായി -ഇയാന്‍സ് റിപോര്‍ട്ട് ചെയ്തു. ഇന്ത്യയുടെ ഹരജി പരിഗണിച്ചുകൊണ്ട് പാകിസ്താന്‍ സൈനികകോടതിയുടെ ഉത്തരവ് കോടതി സ്‌റ്റേചെയ്തിരിക്കുകയാണ്.