കൂടുതൽ ദൃശ്യങ്ങൾ
കൊച്ചി പാലാരിവട്ടത്ത് സിഎ വിദ്യാർഥിനിയായ മിഷേൽ ഷാജി കായലിൽ മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ ഏഴു സിസിടിവി ക്യാമറകളിൽനിന്നു കൂടുതൽ ദൃശ്യങ്ങൾ പോലീസിന് ലഭ്യമായി. കലൂർ പള്ളിയിലെത്തി തിരിച്ചുപോകുന്നതുവരെയുള്ള മുഴുവൻ ദൃശ്യങ്ങളും ലഭ്യമായി. വൈകിട്ട് 5.45 നു മിഷേൽ പള്ളിയിലെത്തുന്നു. 6.12ന് ഇവിടെ നിന്നു തിരികെപ്പോയി എന്നാണ് സൂചന. സിസിടിവി ക്യാമറകളിൽനിന്നു പൊലീസ് ശേഖരിച്ച ദൃശ്യങ്ങൾ ക്രൈംബ്രാഞ്ചിനു കൈമാറിയിരിക്കയാണ്.
ആരാധാനാസ്ഥലത്തു കയറുന്ന ദ്രശ്യങ്ങൾ
അഞ്ചാം തീയതി വൈകിട്ട് അഞ്ചുമണിക്കുശേഷം കാണാതായ ദിവസം മിഷേൽ ഷാജി കച്ചേരിപ്പടിയിലെ ഹോസ്റ്റലിൽനിന്നിറങ്ങി. 5.45 നു കലൂർ പള്ളിക്കു മുന്നിലെ റോഡിലെത്തിയെന്നാണു പൊലീസിനു കിട്ടിയ സൂചന . പള്ളിയിലെ ക്യാമറയിൽ നിന്ന് ലഭിച്ച വിദൂര ദൃശ്യങ്ങളിൽ ഇതു വ്യക്തമായിട്ടുണ്ട്. പല സ്ഥലത്തെ സിസിടിവി ക്യാമറകളിലെ സമയം വ്യത്യസ്തമാണ്.അതുകൊണ്ടു എല്ലാ ക്യാമറകളും പരിശോധിച്ച ശേഷമാണു പൊലീസ് ഏകദേശ സമയം കണക്കാക്കിയിരിക്കുന്നത്. പള്ളിയിലെ ആരാധാനാസ്ഥലത്തു മിഷേൽ കയറുന്ന ദ്രശ്യങ്ങൾ സിറ്റിന്യൂസിനു ലഭ്യമായിട്ടുണ്ട്. ഇവിടെ 20 മിനിറ്റ് മിഷേൽ ചെലവഴിച്ചു. തുടർന്ന് പുറത്തിറങ്ങിയ മിഷേൽ വന്ന വഴിയിലൂടെ കുരിശ്പള്ളിക്കു മുന്നിലെത്തി പ്രാർഥിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇവിടുത്തെ ക്യാമറയിൽ മിഷേലിന്റെ മുഖം വ്യക്തമായി പതിഞ്ഞിട്ടുണ്ട്.
റോഡിൽ നിന്നുള്ള ദൃശ്യങ്ങൾ
തുടർന്ന് പുറത്തുള്ള റോഡിലേക്കിറങ്ങിയ മിഷേൽ ആദ്യം ഇടതു ഭാഗത്തേക്കാണു പോകുന്നത്. 2 മിനിറ്റിനുള്ളിൽ തിരികെ നടന്നു വലതു ഭാഗത്തേക്കു തിരിച്ചുപോകുന്നു. തിരിച്ചുവരുന്ന മിഷേൽ കയ്യിലുള്ള ബാഗ് തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നത് ദ്രശ്യങ്ങളിൽ കാണാം. ഇവിടെനിന്ന് എന്തെങ്കിലും വാങ്ങിയതാണ് എന്ന് പോലീസ് സംശയിക്കുന്നു. അതെ സമയം മിഷേൽ ആരെയെങ്കിലും കണ്ടു ഭയന്നു തിരിച്ചുപോകുന്നതാണ് എന്നു ബന്ധുക്കൾ സംശയിക്കുന്നു. വിവിധ സ്ഥലങ്ങളിലെ സിസിടിവി ക്യാമറകളിൽനിന്നായി ശേഖരിച്ച അരമണിക്കൂറിലേറെ ദൈർഘ്യമുള്ള ദൃശ്യങ്ങൾ പോലീസ് ക്രൈംബ്രാഞ്ചിനു കൈമാറിയിരിക്കുകയാണ്.
ഗോശ്രീ പാലത്തിനടുത്തേക്കു നടന്നുപോകുന്ന മിഷേൽ
ഹൈക്കോടതി ജംക്‌ഷനും ഗോശ്രീ പാലത്തിനും ഇടയിലുള്ള പഴക്കടയ്ക്കു സമീപത്തു കൂടെ മുന്നോട്ടു അതിവേഗത്തിൽ നടന്നു നീങ്ങുന്ന ദൃശ്യം ഇന്നലെ ലഭിച്ചു. തലയിൽ ഷോൾ ധരിച്ചിരുന്നതിനാൽ ഈ ദൃശ്യത്തിൽ മുഖം വ്യക്തമായിട്ടില്ല. എന്നാൽ കാണാതാകുമ്പോഴുള്ള വസ്ത്രങ്ങളാണു മിഷേൽ ധരിച്ചിരിക്കുന്നത്. ഗോശ്രീ പാലത്തിനടുത്തേക്കു മിഷേൽ നടന്നുപോകുന്ന മറ്റൊരിടത്തു നിന്നുള്ള ദൃശ്യവും പുറത്തുവന്നിരുന്നു. അശോകാ ഫ്ലാറ്റ് സമുച്ചയത്തിലെ ക്യാമറയിൽ പതിഞ്ഞ ഈ ദൃശ്യങ്ങൾ മിഷേലിന്റെ മരണത്തിന് തൊട്ടുമുമ്പുള്ളതാണെന്നു പൊലീസ് വ്യക്തമാക്കി.
ക്രോണിൻ അലക്സാണ്ടർ ബേബി നിരന്തരം ശല്യപ്പെടുത്തി
സിഎ വിദ്യാർഥിനിയായ മിഷേൽ ഷാജി, രണ്ടാം ഗോശ്രീ പാലത്തിൽനിന്നു കായലിലേക്കു ചാടി ആത്മഹത്യ ചെയ്തുവെന്നാണു പൊലീസ് വെളിപ്പെടുത്തിയിരിക്കുന്നത്. ബന്ധുവായ ക്രോണിൻ അലക്സാണ്ടർ ബേബി നിരന്തര ശല്യപ്പെടുത്തിയതിനെ തുടർന്നാണിതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. പിറവം സ്വദേശിനിയായ മിഷേൽ ഷാജിയും , ബന്ധുവായ ക്രോണിൻ അലക്സാണ്ടറും തമ്മിൽ മൂന്ന് വർഷത്തോളം നീണ്ട പ്രണയ ബന്ധം ഉണ്ടായിരുന്നു. 2015 ഏപ്രിലിൽ ഇവർ തമ്മിൽ പിണങ്ങി , ക്രോണിന് മറ്റ് പെൺകുട്ടികളുമായി അടുപ്പമുണ്ട് എന്ന് അറിഞ്ഞ മിഷേൽ ബന്ധത്തിൽ നിന്ന് പിരിയാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ പ്രണയ ബന്ധം തുടരണമെന്ന് ക്രോണിൻ ആവശ്യപ്പെട്ടു. വഴങ്ങാതിരുന്ന മിഷേലിനെ ക്രോണിൻ നിരന്തരം ഭീഷണിപ്പെടുത്തുകയും ശല്യപ്പെടുത്തുകയും ചെയ്തു. മിഷേലിനെക്കാണാനായി ഇയാൾ കഴിഞ്ഞ മാസം കാണാനായി ജോലി സ്ഥലത്തു നിന്നും എത്തിയിരുന്നു. കലൂർ സെന്റ് ആന്റണീസ് പള്ളിക്ക് സമീപത്ത് വച്ച് ക്രോണിൻ മിഷേലിനെ മർദ്ദിച്ചുവെന്നും , ഇത് മിഷേൽ കൂട്ടുകാരികളോട് പറഞ്ഞിരുന്നു. എന്നാൽ ഇതിന് ശേഷം ക്രോണിൻ റായ്പൂരിലേക്ക് പോയി. അവിടെ സ്വകാര്യ കമ്പനിയിൽ അസിസ്റ്റൻഡ് മാനേജർ തസ്തികയിൽ ജോലി ചെയ്തു വരികയാണ് ക്രോണിൻ. എന്നാൽ മിഷേലിനെതിരെ ഫോണിലൂടെയുള്ള ഭീഷണി തുടർന്ന് കൊണ്ടിരുന്നു. മിഷേലുമായി കാണാതാകുന്നതിന് തലേ ദിവസം 3 തവണ ക്രോണിൻ സംസാരിച്ചു, 57 തവണ ഭീഷണിപ്പെടുത്തുന്ന മെസ്സേജും അയച്ചു. അന്ന് വൈകിട്ട് 3.30 നാണ് ക്രോണിൻ അവസാനമായി മിഷേലിനെ വിളിച്ചതായി കണ്ടെത്തിയിരിക്കുന്നത്. പിന്നീട് കലൂർ പള്ളിയിൽ വന്നു, അമ്മയുമായി ഫോണിൽ സംസാരിച്ചു. പിന്നീട് മിഷേലിനെ ഫോണിൽ കിട്ടാതെ വന്നു.
രക്ഷിതാക്കൾ പൊലീസ് സ്റ്റേഷനിൽ
മിഷേൽ ഹോസ്റ്റലിൽ തിരിച്ചെത്താതതോടെ ഹോസ്റ്റൽ അധികൃതർ രക്ഷിതാക്കളെ വിവരം അറയിച്ചു. 12 മണിയോടെ രക്ഷിതാക്കൾ പൊലീസ് സ്റ്റേഷനിൽ എത്തി. കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞതോടെ പുലർച്ചെ 2.18 ഓടെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും വയർലസ് സന്ദേശം അയച്ചു. രക്ഷിതാക്കൾ സ്റ്റേഷനിൽ നിന്ന് മടങ്ങി. രാവിലെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മിഷേൽ പോകാൻ സാധ്യതയുള്ള സ്ഥലത്തേക്ക് രക്ഷിതാക്കളുമായി പൊലീസ് പൊയി. വൈകിട്ട് 4 മണിയോടെ രക്ഷിതാക്കളുമായി പൊലീസ് തിരിച്ചെത്തി. വൈകിട്ട് 5 മണിക്ക് ഹാർബർ പൊലീസ് മിഷേലിന്റെ മൃതദേഹം വെല്ലിങ്ങ്ടൺ ഐലൻഡിന്റെ വാർഫിൽ നിന്നും കണ്ടെത്തി.കാലിനും കൈമുട്ടിനും മുറിവേറ്റ നിലയിലായിരുന്നു മിഷേലിന്റെ മൃതദേഹം കണ്ടെത്തിയത്. ഇത് വീഴ്ചയിൽ പറ്റിയത് എന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. എന്നാൽ തങ്ങളുടെ മകൾക്ക് പ്രണയ ബന്ധം ഇല്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് രക്ഷിതാക്കൾ. അതേസമയം കലൂർ പള്ളിയൽനിന്ന് മിഷേൽ എങ്ങനെ ഗോശ്രീ പാലത്തിലേക്കെത്തി എന്നത് പൊലീസിന് വിശദീകരിക്കാൻ സാധിക്കാത്തത്തിൽ കടുത്ത വിമർശനം ഉയർന്നിരുന്നു.