വാഷിംഗ്‌ടൺ : കൊവിഡ് 19 പൊട്ടിപ്പുറപ്പെട്ട വുഹാന്‍ സിറ്റിയില്‍ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം തിരുത്തി ചൈന. വാഷിംഗ്‌ടൺ പോസ്റ്റാണ് പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുന്നതു.
1290 പേരുടെ മരണം കൂടിയാണ് വുഹാനില്‍ സ്ഥിരീകരിച്ചി രിക്കുന്നത് ഇതോടെ വുഹാനില്‍ മാത്രം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,869 ആയി. ചൈനയില്‍ പുറത്തു വിട്ടതിലേറെ കൊവിഡ് മരണങ്ങള്‍ നടന്നിരുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കൊവിഡ് സ്ഥിരീകരിച്ചവരില്‍ 325 പേരെ കൂടി കൂട്ടിച്ചേര്‍ത്തതായും ചൈനീസ് ന്യൂസ് ചാനല്‍ സി.സി.ടി.വിയും റിപ്പോര്‍ട്ടു ചെയ്യുന്നു. ഇതോടെ ചൈനയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 50,333 ആയി ഉയർന്നു .
ചൈനയില്‍ രോഗം നിയന്ത്രണാതീതമായിരുന്ന ആദ്യ ഘട്ടത്തില്‍ ചുരുക്കം ചില ആശുപത്രികളില്‍ നിന്ന് സമയാസമയങ്ങളില്‍ കൃത്യമായ കണക്കുകള്‍ ലഭ്യമായിരുന്നില്ല. ചിലര്‍ ആശുപത്രികളില്‍ കാണിക്കാതെ വീടുകളില്‍ തന്നെ മരിച്ചവരാണെന്നും അധികൃതര്‍ വ്യക്തമാക്കി.
അതുകൊണ്ട് ഈ കണക്കുകളൊന്നും ആ സമയത്ത് ഔദ്യോഗികമായി ചേര്‍ക്കാന്‍ സാധിച്ചിരുന്നില്ലെന്നും ചൈനയിലെ എപിഡമിക് കണ്‍ട്രോള്‍ യൂണിറ്റ് അറിയിച്ചു.
എന്നാല്‍ കൊവിഡ് മരണനിരക്കില്‍ ചൈന കള്ളം പറയുകയാണെന്ന് അമേരിക്ക ആരോപിച്ചതിന് പിന്നാലെയാണ് പുതിയ കണക്കുകള്‍ പുറത്തു വന്നിരിക്കുന്നത്.