ഇന്ത്യന്‍ പൗരനും മുന്‍ നാവികസേനാ ഉദ്യോഗസ്ഥനുമായ കുല്‍ഭൂഷണ്‍ ജാദവിന് പാക് സൈനിക കോടതി വിധിച്ച വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തു. 11 അംഗങ്ങടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. വധശിക്ഷ റദ്ദാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനു പാക്കിസ്താന്‍ വഴങ്ങിയിരുന്നില്ല. പാക്കിസ്താന്‍ ഉന്നയിച്ച എല്ലാ വാദങ്ങളും അന്താരാഷ്ട്ര കോടതി തള്ളുകയായിരുന്നു. ഇന്ത്യയുടെയും കുല്‍ഭൂഷണ്‍ ജാദവിെന്‍റയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അന്താരാഷ്ട്ര കോടതി ജാദവിെന്‍റ വധശിക്ഷ സ്റ്റേ ചെയ്തത്.
അന്തിമതീരുമാനമെടുക്കുന്നത് വരെ വധശിക്ഷ നടപ്പാക്കരുതെന്ന് കോടതി പറഞ്ഞു. ജാദവിന് നയതന്ത്ര, നിയമ സഹായങ്ങള്‍ ലഭിക്കാന്‍ അവകാശമുണ്ടെന്ന് നിരീക്ഷിച്ച കോടതി ഇന്ത്യയുടെ വാദങ്ങള്‍ അംഗീകരിക്കുകയായിരുന്നു. ജാദവിന് നിയമസഹായം നല്‍കാനുള്ള അവസരം ഉണ്ടാകണം. സ്വന്തം പൗരനെ സംരക്ഷിക്കാനുള്ള അവകാശം ഇന്ത്യക്കുണ്ടെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം അന്താരാഷ്ട്ര കോടതിക്ക് ഈ വിഷയത്തിൽ ഇടപെടാനാവില്ലെന്ന പാകിസ്താന്റെ വാദം അർത്ഥ മില്ലാത്തതാണ് എന്ന് കോടതി വ്യക്തമാക്കി. വിയന്ന കരാര്‍ ലംഘനം നടന്നുവെന്ന ഇന്ത്യയുടെ വാദം അംഗീകരിച്ച കോടതി തീവ്രവാദ വിഷയങ്ങളിലടക്കം അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് ഇടപെടാനാകുമെന്നും പാകിസ്താനോട് പറഞ്ഞു . ഇന്ത്യക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ അന്താരാഷ്ട്ര നീതിന്യായ കോടതി മുൻപാകെ ഹാജരായി.
മുന്‍ നാവിക സേന ഉദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ ജാദവിനെ അറസ്റ്റ് ചെയ്തതും വിചാരണ നടത്തി ശിക്ഷവിധിച്ചതും പാകിസ്താന്‍ ഇന്ത്യയെ അറിയിച്ചിരുന്നില്ല. നിയമസഹായം നല്‍കണമെന്ന് ഇന്ത്യ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പാകിസ്താന്‍ അനുവദിച്ചില്ല. നയതന്ത്ര പ്രതിനിധിയെ ജാദവിനെ കാണിക്കാനുള്ള അനുമതിയും നല്‍കിയില്ലെന്നും ഇന്ത്യ ആരോപിച്ചിരുന്നു.