നരേന്ദ്ര മോദി സർക്കാരിന് വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ സാധിക്കുന്നില്ലെന്നും പോകുന്നിടത്തെല്ലാം കള്ളം പറയുകയാണെന്നും രാഹുൽ ഗാന്ധി. മോദി സ്വഛ് ഭാരത് നിർമിക്കുമെന്നാണ് പറയുന്നത് എന്നാൽ ജനങ്ങൾക്ക് സച്ച് ഭാരത് (യഥാർത്ഥ ഭാരതം) ആണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജനതാദൾ(യു) നേതാവ് ശരത് യാദവ് വിളിച്ചു ചേർത്ത പ്രതിപക്ഷ നേതാക്കളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ രാജ്യം ഞങ്ങളുടെതാണെന്നു പറയുന്നവരാണ് ചിലർ, എന്നാൽ ഞങ്ങൾ ഈ രാജ്യക്കാരാണെന്ന് മറ്റു ചിലർ പറയുന്നു.ഇതാണ് ഞങ്ങളും ആർ.എസ്.എസും തമ്മിലുള്ള വ്യത്യാസം, രാഹുൽ പറഞ്ഞു. 2014ൽ ബി.ജെ.പി രാജ്യത്ത് അധികാരത്തിൽ വന്നതിനു ശേഷമാണ് ആർ.എസ്.എസ് ദേശീയ പതാകയെ അംഗീകരിച്ചതെന്നും രാഹുൽ കുറ്റപ്പെടുത്തി. മോദിയുടെ മേക്ക് ഇൻ ഇന്ത്യ പദ്ധതി പരാജയമാണെന്നും രാജ്യത്ത് ലഭിക്കുന്ന മിക്ക സാധനങ്ങളും മേഡ് ഇൻ ചൈനയാണെന്നും അദ്ദേഹം പറഞ്ഞു.