വിഖ്യാത അമേരിക്കന്‍ സംഗീതജ്ഞന്‍ ക്രിസ് കോര്‍ണല്‍ (52) ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞു. മരണം ആത്മഹത്യയാണോ അതോ കൊലപാതകമാണോയെന്നു പരിശോധിച്ചുവരികയാണെന്ന് അമേരിക്കന്‍ പൊലീസ് അറിയിച്ചു.
ബുധനാഴ്ച രാത്രിയിൽ ഫോക്സ് തീയേറ്ററിലെ സംഗീതനിശയ്ക്ക് ശേഷം ഹോട്ടൽ മുറിയിലേക്ക് പോയ അദ്ദേഹത്തെക്കുറിച്ചു പിന്നീട് വിവരമൊന്നുമില്ലായിരുന്നു. പിന്നീട് കുളിമുറിയില്‍ കഴുത്തിൽ കയർ ചുറ്റിയ നിലയില്‍ മൃതദ്ദേഹം കണ്ടെത്തുകയായിരുന്നു. മരണത്തിനു ചില മണിക്കൂറുകൾക്കു മുൻപ് സാമൂഹിക മാധ്യമങ്ങൾ കോര്‍ണല്‍ സജീവമായിരുന്നു. ഓഹിയോയിലെ കൊളമ്പസിൽ വെള്ളിയാഴ്ച്ച സംഗീത പരിപാടിയിൽ പങ്കെടുക്കാനിരിക്കെയാണ് മരിച്ചത്.
സൌണ്ട് ഗാര്‍ഡന്‍, ഓഡിയോ സ്ളേവ് തുടങ്ങിയ പ്രമുഖ ബാന്റുകളിലെ മുഖ്യഗായകനായിരുന്നു. വിഖ്യാതമായ ജെയിംസ്ബോണ്ട് ചിത്രം ‘കാസിനൊ റോയാലെ’യിലെ അവതരണഗാനം അദ്ദേഹമാണ് ആലപിച്ചത്. പാശ്ചാത്യസംഗീത ലോകം അദ്ദേഹത്തിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി.
താൻ സ്‌ഥിരമായി പതിമൂന്നാം വയസ്സിൽ മയക്കുമരുന്നിന് അടിമയായിയിരുന്നുവെന്ന് 1994 ൽ നടന്ന ഒരു അഭിമുഖത്തിൽ കോർണൽ വെളിപ്പെടുത്തിയിരുന്നു. പതിനഞ്ചാം വയസ്സിൽ തന്നെ സ്‌കൂളിൽ നിന്നു പുറത്താക്കിയിരുന്നു. പതിനാറാം വയസ്സിൽ ഒരു റെസ്റ്റോറന്റിൽ മേശ തുടയ്ക്കുകയും പാത്രം കഴുകുകയും ചെയ്യുന്ന ജോലിയിൽ പ്രവേശിച്ചു. ആ കാലയളവിൽ സംഗീതത്തോട് അഭിരുചിയുണ്ടായി തുടർന്ന് ഡ്രംസ് പഠിക്കുവാൻ ചേർന്നു. ജീവിതത്തിലെ ഏറ്റവും കഠിനമേറിയ കാലയളവായിരുന്നു ആ കാലഘട്ടമെന്ന് റോളിങ്ങ് സ്റ്റോണിനു നൽകിയ അഭിമുഖത്തിൽ കോർണൽ പറഞ്ഞിരുന്നു.