പാർലമെന്റിനുള്ളിൽ കുഞ്ഞിനെ മുലയൂട്ടിയതിലൂടെ ലോക ശ്രദ്ധനേടിയ ഓസ്ട്രേലിയൻ സെനറ്റർ രാജിവച്ചു. സെനറ്റർ ലാറിസ വാട്ടേഴ്സാണ് രാജിവച്ചത്. ഇരട്ട പൗരത്വത്തിന്റെ പേരിലാണ് രാജി. ഗ്രീൻസ് പാർട്ടി അംഗമായ ലാറിസ കാനഡയിലാണ് ജനിച്ചത്. കനേഡിയൻ പൗരത്വവും ഇവർക്കുണ്ട്.
ഓസ്ട്രേലിയൻ ഭരണഘടന അനുസരിച്ച് സെനറ്ററാകുന്നയാൾക്ക് ഒന്നിലധികം പൗരത്വം പാടില്ല. നേരത്തെ ഗ്രീൻസ് പാർട്ടിയുടെ മറ്റൊരു സെനറ്ററായ സ്കോട്ട് ലുദ്ലാം ഇരട്ടപൗരത്വത്തിന്റെ പേരിൽ രാജിവച്ചിരുന്നു. ലുദ്ലാമിന്റെ രാജിക്കു ശേഷമാണ് തനിക്ക് ഇരട്ടപൗരത്വം ഉള്ളതായി മനസിലാക്കിയതെന്ന് ലാറിസ പറയുന്നു.
തനിക്ക് 11 മാസം പ്രായമുള്ളപ്പോൾ ഓസ്ട്രേലിയൻ മാതാപിക്കൾക്കൊപ്പം കാനഡയിൽനിന്നും നാട്ടിലേക്ക് മടങ്ങിയതാണ്- ലാറിസ പറയുന്നു.ജനനത്തിലൂടെ പൗരത്വം ലഭിക്കുമെന്ന കാനഡയിലെ നിയമം തനിക്ക് ഇതുവരെ അറിയില്ലായിരുന്നു. ഇരട്ടപൗരത്വമുള്ള വിവരം ഞെട്ടലോടെയാണ് അറിഞ്ഞത്. ഇതിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവയ്ക്കുകയാണെന്ന് ലാറിസ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഓസ്ട്രേലിയൻ പാർലമെന്റിൽ കുഞ്ഞിനെ മുലയൂട്ടിയ സംഭവത്തിലൂടെയാണ് ലാറിസ ശ്രദ്ധേയായത്. 10 ആഴ്ച മാത്രം പ്രായമുള്ള മകള്‍ ആലിയ ജോയിയുമായി പാര്‍ലമെന്റിലെത്തിയ ലാറിസ കുഞ്ഞിന് വിശന്നപ്പോള്‍ സമ്മേളനം നടക്കുന്നതിനിടെത്തന്നെ മുലയൂട്ടുകയായിരുന്നു.