നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ മറ്റൊരു നടിയ്ക്ക് പങ്കുണ്ടെന്ന തരത്തില്‍ തങ്ങള്‍ ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് കുടുംബം. ഒരു പ്രമുഖ നടന് സംഭവത്തില്‍ പങ്കുണ്ടെന്ന സോഷ്യല്‍ മീഡിയ പ്രചാരണത്തിന് പിന്നാലെയാണ് നടിയുടെ കുടുംബം ഇത്തരത്തില്‍ പ്രചരിച്ചതായി ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. നടനെയല്ല ഒരു നടി ഇതിന് പിന്നിലുള്ളതായി തങ്ങള്‍ സംശയിക്കുന്നുവെന്ന് കുടുംബാംഗങ്ങള്‍ അഭിപ്രായപ്പെട്ടതായായിരുന്നു വാര്‍ത്ത. എന്നാല്‍ ഈ പ്രചാരണം തെറ്റാണെന്നും തങ്ങള്‍ അത്തരത്തില്‍ ഒരാരോപണം ഉന്നയിച്ചിട്ടില്ലെന്നും നടിയുടെ മാതാപിതാക്കളുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
അതേസമയം സംഭവത്തിലെ മുഖ്യപ്രതി പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍ ഉള്‍പ്പെടെ പിടിയിലാകാനുള്ള മൂന്നുപേര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. സുനില്‍കുമാറിനെ കൂടാതെ മണികണ്ഠന്‍, ബിജീഷ് എന്നിവരാണ് ജാമ്യാപേക്ഷ നല്‍കിയത്. കോടതി ഇത് നാളെ പരിഗണിക്കും.
കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് തൃശ്ശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ നെടുമ്പാശ്ശേരി അത്താണിയില്‍ വച്ചാണ് നടിയുടെ കാറിലേക്ക് ഒരു സംഘം ഇരച്ചുകയറി വാഹനം തട്ടിയെടുത്തത്. കാറിനകത്ത് കയറിയ സംഘം നടിയെ ഭീഷണിപ്പെടുത്തി അപകീര്‍ത്തിപരമായ ചിത്രങ്ങളെടുക്കാന്‍ ശ്രമിച്ചു. പിന്നീട് പാലാരിവട്ടത്ത് എത്തിയപ്പോള്‍ ഇവര്‍ മറ്റൊരു വാഹനത്തിലേക്ക് മാറി കയറുകയായിരുന്നുവെന്നാണ് നടിയുടെ മൊഴി.