വെനിസ്വേലയിൽ പ്രതിപക്ഷ റാലിക്ക് നേരെ വെടിവെപ്പ്

0
62


വെനിസ്വേലയിൽ നികളസ് മദൂറോ സർക്കാറിനെതിരെ നടന്ന പ്രക്ഷോഭത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. ഒരു സ്ത്രീയും യുവാവും ആണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടത്. കൊളംബിയൻ അതിർത്തിയിലെ സാൻ ക്രിസ്റ്റോബലിലായിരുന്നു സംഭവം.

പ്രസിഡന്‍റ് നികളസ് മദൂറോ രാജിവെക്കുക, പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടത്തുക, ജയിലിൽ കഴിയുന്ന പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെ വിട്ടയക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് പതിനായിരങ്ങൾ തെരുവിലിറങ്ങിയത്. പ്രക്ഷോഭകരിൽ 30 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

അതേസമയം, പ്രതിപക്ഷ പ്രക്ഷോഭകർ പൊലീസിനെ ആക്രമിച്ചതായും കടകൾ കൊള്ളയടിച്ചതായും പ്രസിഡന്‍റ് മദൂറോ ആരോപിച്ചു. സർക്കാറിന് പിന്തുണ പ്രഖ്യാപിച്ച് ഒരു വിഭാഗം കറാക്കസിൽ ബദൽ റാലി നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

ലോകത്തിൽ ഏറ്റവും കൂടുതൽ എണ്ണ ശേഖരമുള്ള രാജ്യമാണ് വെനിസ്വേല. എന്നാൽ, കുറച്ച് വർഷങ്ങളായി ഉയർന്ന വിലക്കയറ്റം, അനിയന്ത്രിതമായ കുറ്റകൃത്യങ്ങൾ, അവശ്യ സാധനങ്ങളുടെ ദൗർലഭ്യം എന്നീ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ വെനിസ്വലക്ക് സാധിച്ചിട്ടില്ല.