പീഡനക്കേസിലെ സ്വാമി അറസ്റ്റിൽ; ജനനേന്ദ്രിയം മുറിച്ച യുവതിക്കെതിരെ കേസില്ല

sami

പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ തിരുവനന്തപുരം പേട്ടയില്‍ സ്വാമി ഗംഗേശാനന്ദ തീര്‍ഥപാദരെ പോലീസ് അറസ്റ്റ് ചെയ്തു. ബലാത്സംഗ കേസിലാണ് അറസ്റ്റ് . ചികിത്സ പൂര്‍ത്തിയാകുന്നതോടെ സ്വാമിയെ കോടതിയില്‍ ഹാജരാക്കും.

ഇന്ന് വൈകിട്ട് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്വാമിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവത്തില്‍ സ്വാമിക്കെതിരെ വനിതാ കമീഷന്‍ സ്വമേധയാ കേസെടുത്തു. പെണ്‍കുട്ടിക്ക് മാനസിക സമ്മര്‍ദം അതിജീവിക്കാന്‍ സാധിക്കുന്ന വിധം ആശ്വാസ നടപടികള്‍ കൈക്കൊള്ളും. ആവശ്യമെങ്കില്‍ നിയമ സഹായം ലഭ്യമാക്കുമെന്നും കമ്മീഷന്‍ പറഞ്ഞു.

ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് തിരുവനന്തപുരത്ത് ഒരു വീട്ടില്‍ പൂജയ്‌ക്കെത്തിയ കൊല്ലം പത്മന ആശ്രമത്തിലെ ഗംഗാ ശാശ്വതപാദ സ്വാമി എന്ന ശ്രീഹരിയുടെ ജനനേന്ദ്രിയം പെണ്‍കുട്ടി കത്തിക്ക് മുറിച്ചത്. അഞ്ചു വര്‍ഷമായി സ്വന്തം വീട്ടുകാരുമായി പരിചയമുള്ള സ്വാമി അത് മുതലെടുത്ത് മൂന്ന് വര്‍ഷമായി പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിക്കുകയായിരുന്നു. ഇത് സഹിക്ക വയ്യാതെയാണ് യുവതി കഴിഞ്ഞ രാത്രിയില്‍ കയ്യില്‍ കത്തി കരുതി സ്വാമിയെ നേരിട്ടത്.

മുറിവേറ്റ സ്വാമിയെ വീട്ടുകാര്‍ രാത്രി തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സ്വാമിയുടെ നില ഗുരുതരമല്ലെന്നാണ് ആശുപത്രി വൃത്തങ്ങളുടെ സൂചന. അഞ്ചു വര്‍ഷമായി പെണ്‍കുട്ടിയുടെ വീട്ടില്‍ പൂജയ്ക്കും മറ്റു കാര്യങ്ങള്‍ക്കുമായി സ്വാമി നിരന്തരം വരാറുണ്ടായിരുന്നു. ഇതിനിടയിലാണ് ഇയാള്‍ പെണ്‍കുട്ടിയെ തന്റെ ഇംഗിതത്തിന് ഉപയോഗിച്ചുകൊണ്ടിരുന്നത്.