ഇന്ത്യയിൽ പ്രചാരമേറുന്ന ഹൈന്ദവ ദേശീയത ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധത്തെ പ്രതികൂലമായി ബാധിച്ചെന്നും ഇത് യുദ്ധത്തിന് വരെ കാരണമാകുമെന്നും ചൈനീസ് ഔദ്യോഗിക മാധ്യമമായ ഗ്ലോബൽ ടൈംസ്. ഹിന്ദുത്വവാദമുയർത്തി അധികാരത്തിലെത്തിയ നരേന്ദ്ര മോദിയുടെ നയങ്ങൾ ഇതിനോടകം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിച്ചതായി ഗ്ലോബൽ ടൈംസിലെ ലേഖനത്തിൽ പറയുന്നു.
ഹൈന്ദവ ദേശീയത ആളിക്കത്തിച്ച് അധികാരത്തിൽ തുടരുന്നതിന്റെ ഭാഗമായാണ് ഇന്ത്യയും പാകിസ്ഥാനുമായി മോദി സർക്കാർ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. സിക്കിം അതിർത്തിയിലെ ദോക്ലാമിൽ പ്രശ്നങ്ങളുണ്ടാക്കുന്നതും ഇതിനാലാണെന്ന് ചൈനീസ് മാധ്യമം ആരോപിക്കുന്നു.
2014ൽ മോദി സർക്കാർ അധികാരമേറ്റത് മുതൽ മുസ്ലീങ്ങൾക്കെതിരായ അക്രമം വർദ്ധിച്ചുവരികയാണ്. ഇത് തടയുന്നതിൽ മോദി സർക്കാർ പരാജയപ്പെട്ടെന്നും ലേഖനത്തിൽ ചൂണ്ടിക്കാണിക്കുന്നു. ചൈനയേക്കാൾ ദുർബലരാണ് ഇന്ത്യ, ഇക്കാര്യം ഉൾക്കൊള്ളാൻ ഹൈന്ദവ ദേശീയതാബോധം കാരണം ഇന്ത്യക്കാകുന്നില്ലെന്നും ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു.