നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കുന്ന വിഷയത്തിൽ അന്തിമ ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നു . ഇന്നെലെ രാത്രി വൈകി കൊച്ചിയില്‍ ചേര്‍ന്ന അന്വേഷണ സംഘത്തിന്റെ യോഗം ഇക്കാര്യത്തിൽ ചില നിയമവശങ്ങൾ കൂടി പരിഗണിച്ചശേഷം തീരുമാനം കൈക്കൊള്ളാമെന്ന ധാരണയിലാണ് പിരിഞ്ഞത്. ഗൂഢാലോചന കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായിട്ട് നടന്ന അന്വേഷണ സംഘത്തിന്റെ യോഗത്തിലാണ് ഈ വിഷയങ്ങൾ ചർച്ച ചെയ്തത്. ദിലീപിനെതിരെയുളള എല്ലാ തെളിവുകളും ചർച്ച ചെയ്തു യോഗം വിലയിരുത്തി. എഡിജിപി ബി.സന്ധ്യയുടെ നേതൃത്വത്തിലാണ് അന്വേഷണസംഘം രണ്ടു മണിക്കൂറോളം നടിയെ ആക്രമിച്ച കേസ് അവലോകനം ചെയ്തത് .
അതേസമയം ഈ കേസില്‍ ദിലീപിനെതിരായ കുറ്റപത്രം തയാറായിക്കഴിഞ്ഞെന്ന് ആലുവ റൂറല്‍ എസ്പിയും അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനുമായ എ.വി. ജോര്‍ജ് പറഞ്ഞു. കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കുമെന്ന് മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥർക്കൊപ്പം കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ എ.സുരേശനും യോഗത്തിൽ പങ്കെടുത്തു. അതേസമയം, കുറ്റപത്രം തയാറായിട്ടും ദിലീപിനെ പ്രതിപ്പട്ടികയിൽ എവിടെ ചേർക്കണമെന്ന കാര്യത്തിൽ തീരുമാനമാകാത്തത് ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. നിലവിൽ കേസിൽ 11–ാം പ്രതിയാണ് ദിലീപ്.
ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിൽ തയാറാക്കുന്ന കുറ്റപത്രം യാതൊരു വിധമായ പഴുതുകളും ഇല്ലാത്തതാണെന്ന് ഉറപ്പാക്കാനാണ് പൊലീസ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിനായി ദിലീപിനെതിരെ പരമാവധി തെളിവുകൾ നിരത്തി ഗൂഢാലോചന തെളിയിക്കും. കുറ്റപത്രം തയ്യാറാക്കുന്നതിലെ ചെറിയ പിഴവുപോലും കുറ്റക്കാർ രക്ഷപ്പെടാൻ വഴിവെക്കുമെന്ന ബോധ്യം അന്വേഷണ സംഘത്തിനുണ്ട്. കേസിലെ നിർണായക തൊണ്ടിമുതലായ മൊബൈൽഫോൺ നശിപ്പിച്ചെന്ന കേസിൽ പൾസർ സുനിയുടെ അഭിഭാഷകർക്കെതിരെ സ്വീകരിക്കേണ്ട നടപടികളും അതിന്റെ നിയമ വശങ്ങളും ഇന്ന് നടന്ന യോഗത്തിൽ ചർച്ചയായെന്നാണ് സൂചന.