Wednesday, December 11, 2024
HomeNationalഇന്ത്യക്കുവേണ്ടി എഫ്-16 യുദ്ധവിമാനങ്ങള്‍ നിര്‍മിക്കാന്‍ ടാറ്റയുമായി കരാര്‍

ഇന്ത്യക്കുവേണ്ടി എഫ്-16 യുദ്ധവിമാനങ്ങള്‍ നിര്‍മിക്കാന്‍ ടാറ്റയുമായി കരാര്‍

ഇന്ത്യക്കുവേണ്ടി എഫ്-16 യുദ്ധവിമാനങ്ങള്‍ നിര്‍മിക്കാന്‍ ബഹുരാഷ്ട്ര ആയുധനിര്‍മാണക്കമ്പനി ലോക്ഹീഡ് മാര്‍ട്ടിന്‍ ടാറ്റയുമായി കരാര്‍ ഒപ്പിട്ടു. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അമേരിക്ക സന്ദര്‍ശനത്തിനു മുന്നോടിയായാണ് കരാര്‍. പ്രതിരോധ നിര്‍മാണമേഖല കോര്‍പറേറ്റുകള്‍ക്ക് തീറെഴുതാന്‍ മോഡി സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ ഭാഗമാണിത്.

കരാറിന്റെ യഥാര്‍ഥ ചെലവ് പുറത്തുവിട്ടിട്ടില്ല. ഒരു എഫ്-16 വിമാനത്തിന് 125 കോടിയോളം രൂപ വിലയാകും. 10,000 കോടിയില്‍പരം രൂപയുടെ ഇടപാട് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ലോക്ഹീഡ് മാര്‍ട്ടിന്റെ വക്താവ് പറഞ്ഞു.

പാരീസ് വ്യോമപ്രദര്‍ശനത്തിലാണ് ലോക്ഹീഡ് മാര്‍ട്ടിന്‍-ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസുമായി ശതകോടിക്കണക്കിന് ഡോളറിന്റെ കരാര്‍ ഉറപ്പിച്ചത്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ അടിസ്ഥാനത്തിലാണ് കരാറെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നു. എന്നാല്‍, കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡിനെ തഴഞ്ഞ് സ്വകാര്യകമ്പനിക്ക് കരാര്‍ നല്‍കിയത് സര്‍ക്കാരിന്റെ നിക്ഷിപ്ത താല്‍പ്പര്യം വ്യക്തമാക്കുന്നു. നേരത്തെ ഫ്രഞ്ച് കമ്പനി റാഫേലുമായി ചേര്‍ന്നുള്ള യുദ്ധവിമാന കരാറില്‍ റിലയന്‍സ് കമ്പനികള്‍ക്കാണ് പങ്കാളിത്തം നല്‍കിയത്.

എഫ്-16 ബ്ളോക്ക് 70 വിമാനങ്ങള്‍ നിര്‍മിക്കാനാണ് പദ്ധതി. ലോക്ഹീഡ് മാര്‍ട്ടിന്‍ കൈമാറുന്ന സാങ്കേതികവിദ്യയും നിര്‍മാണസൌകര്യങ്ങളും ഉപയോഗിച്ച് ഇന്ത്യയില്‍ ടാറ്റ പോര്‍വിമാനങ്ങള്‍ നിര്‍മിക്കും. സാങ്കേതികവിദ്യ ലഭിച്ചാല്‍ പൊതുമേഖലയില്‍ ചെയ്യാന്‍ കഴിയുന്ന കാര്യമാണ് ഇത്. ഖജനാവിലെ പണം വന്‍തോതില്‍ ചെലവിട്ട് കോര്‍പറേറ്റുകള്‍ക്ക് ലാഭം കൊയ്യാനുള്ള സംവിധാനം ഒരുക്കി നല്‍കുകയാണ് സര്‍ക്കാര്‍. രാജ്യത്തിന്റെ സുരക്ഷാതാല്‍പ്പര്യങ്ങള്‍ക്ക് ഹാനികരമാണ് ഈ നടപടി. പ്രതിരോധരഹസ്യങ്ങള്‍ സ്വകാര്യമേഖലയില്‍നിന്ന് ചോര്‍ന്നുപോകാന്‍ സാധ്യത ഏറെയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments