രാജ്യത്തിൻറെ തലസ്ഥാനത്ത് ലണ്ടന്‍ ഭീകരാക്രമണത്തിന്റെ മാതൃകയില്‍ ആക്രമണമുണ്ടയേക്കുമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ആളുകള്‍ കൂടുന്ന സ്ഥലങ്ങളില്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ലണ്ടനില്‍ കഴിഞ്ഞയിടെ നടത്തിയ ആക്രമണത്തിന്റെ മാതൃകയില്‍ ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്തുന്നതിന് 7 തീവ്രവാദികള്‍ രാജ്യതലസ്ഥാനത്ത് എത്തിയിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരം.
ഈദിന് മുന്‍പായി ആക്രമണം നടത്തുമെന്നാണ് ഭീഷണി. രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്‍ എല്ലാ സുരക്ഷാ ഏജന്‍സികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. രാജ്യവ്യാപകമായി സുരക്ഷ വര്‍ദ്ധിപ്പിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അന്തര്‍ സംസ്ഥാന ബസ് ടെര്‍മിനലുകള്‍, മാര്‍ക്കറ്റുകള്‍, ആരാധനാലയങ്ങള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, പഞ്ചനക്ഷത്ര ഹോട്ടലുകള്‍, എംബസികള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സുക്ഷ്ര വര്‍ദ്ധിപ്പിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി.
വാഹനങ്ങളിലോ അന്തര്‍ സംസ്ഥാന അതിര്‍ത്തികളിലോ സംശയാസ്പദമായ വസ്തുക്കള്‍ കണ്ടെത്തിയാല്‍ പ്രത്യേക പരിശോധന നടത്തണമെന്നും നിര്‍ദ്ദേശമുണ്ട്. ജുണ്‍ പത്തിന് ലഭിച്ച രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ പ്രകാരം ആളുകള്‍ കൂടുന്ന സ്ഥലങ്ങളിലും വിദേശികള്‍ കൂടുന്ന ഇടങ്ങളിലും ആക്രമണം നടന്നേക്കുമെന്നാണ് സൂചന.