മുൻ കേന്ദ്രമന്ത്രി പി. ചിദംബരം അറസ്റ്റിൽ

chidhambaram arrested

ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുൻ കേന്ദ്രമന്ത്രി പി. ചിദംബരം അറസ്റ്റിൽ . ഡൽഹി ജോർബാഗിലെ വസതിയിലെത്തിയാണ് സിബിഐ സംഘം അദ്ദേഹത്തെ അറസ്റ്റു ചെയ്തത്. സിബിഐ ആസ്ഥാനത്തെത്തിച്ച ചിദംബരത്തെ ചോദ്യം ചെയ്തു. ഡോക്ടർമാരുടെ സംഘം സിബിഐ ആസ്ഥാനത്തെത്തി ചിദംബരത്തിന്റെ ആരോഗ്യ പരിശോധന നടത്തി. വ്യാഴാഴ്ച സിബിഐ കോടതിയിൽ ഹാജരാക്കും.

പത്രസമ്മേളനത്തിനു ശേഷം രാത്രി 8.30 ഓടെയാണ് ചിദംബരവും അഭിഭാഷകനായ കപില്‍ സിബലും ചിദംബരത്തിന്‍റെ വീട്ടിലെത്തിയത്. സിബിഐ ഉദ്യോഗസ്ഥരും പിന്നാലെയെത്തി. ഗേറ്റ് പൂട്ടിക്കിടക്കുകയായിരുന്നതിനാല്‍ മതില്‍ ചാടിക്കടന്നാണ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയത്. പിന്നാലെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഇതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എഐസിസി ആസ്ഥാനത്തും ചിദംബരത്തിന്‍റെ വീടിന്‍റെ മുന്നിലും തമ്പടിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. ഇതിനിടയില്‍ ബിജെപി പ്രവര്‍ത്തകരും ചിദംബരത്തിനെതിരായി മുദ്രാവാക്യം വിളികളുമായെത്തി. തുടര്‍ന്ന് ഇരു വിഭാഗം പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ നാടകീയ നിമിഷങ്ങള്‍ക്കൊടുവില്‍ 9.45ഓടെയാണ് ചിദംബരത്തിന്‍റെ അറസ്റ്റുണ്ടായത്.