Friday, May 3, 2024
HomeNationalരാജ്യസഭാ തിരഞ്ഞെടുപ്പ് ; പുറത്തുവന്ന ഫലങ്ങൾ

രാജ്യസഭാ തിരഞ്ഞെടുപ്പ് ; പുറത്തുവന്ന ഫലങ്ങൾ

രാജ്യസഭാ തിരഞ്ഞെടുപ്പു നടന്ന വിവിധ സംസ്ഥാനങ്ങളിൽനിന്ന് ഫലം പുറത്തുവന്നു തുടങ്ങി. ബാലറ്റു പേപ്പറുമായി ബന്ധപ്പെട്ട് പരാതി ഉയർന്നതിനെ തുടർന്ന് ഉത്തർപ്രദേശിൽ വോട്ടെണ്ണൽ നിർത്തിവച്ചെങ്കിലും തിരഞ്ഞെടുപ്പു കമ്മിഷൻ ഇടപെട്ടു വോട്ടെണ്ണൽ പുനരാരംഭിച്ചു. ഒരു ബിഎസ്പി വോട്ടും ബിജെപി വോട്ടും അസാധുവായി. അതിനിടെ, കർണാടകയിൽ നാലു സീറ്റിൽ മൂന്നും കോൺഗ്രസ് നേടി. ഒരു സീറ്റിൽ ബിജെപിയും ജയിച്ചു. റിട്ടേണിങ് ഓഫിസർ കോൺഗ്രസിന് അനുകൂലമായി പ്രവർത്തിക്കുന്നുവെന്ന് ആരോപിച്ച് ജെഡിഎസ് വോട്ടെടുപ്പ് ബഹിഷ്കരിച്ചിരുന്നു. തെലങ്കാനയിൽ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) മൂന്നു സീറ്റുകളും പിടിച്ചെടുത്തു. 108 അംഗ നിയമസഭയിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് 10 വോട്ടുകൾ മാത്രമേ ലഭിച്ചുള്ളു. കോൺഗ്രസ് പോളിങ് ഏജന്റിനെ ബാലറ്റ് പേപ്പർ കാട്ടിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് ‍ഡി.പ്രകാശ് റെഡ്ഡിയുടെ വോട്ട് അസാധുവാക്കുകയും ചെയ്തു. അതേസമയം, ഒരേയൊരു സീറ്റിലേക്ക് ഉപതിരഞ്ഞെടുപ്പു നടന്ന കേരളത്തിൽ ജെഡിയു നേതാവ് എം.പി. വീരേന്ദ്രകുമാർ അനായാസം ജയിച്ചു. വോട്ടെടുപ്പുമായി ബന്ധപ്പെട്ട് പരാതിയുമായി പ്രതിപക്ഷം തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചെങ്കിലും ഫലമില്ലാതെ വന്നതോടെയാണ് വീരേന്ദ്രകുമാർ വിജയമുറപ്പിച്ചത്. കേരളം ഉൾപ്പെടെ 16 സംസ്ഥാനങ്ങളിലെ 58 രാജ്യസഭാ സീറ്റുകളിലേക്കാണ് ഇന്നു വോട്ടെടുപ്പ് നടന്നത്. 33 പേരെ എതിരില്ലാതെ തിരഞ്ഞെടുത്തതിനാൽ 25 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് നാലു മണിയോടെ അവസാനിച്ചത്. ധനമന്ത്രി അരുൺ ജയ്റ്റ്‍ലി ഉൾപ്പെടെ ഏഴു കേന്ദ്രമന്ത്രിമാരും ബിജെപി കേരളഘടകം മുൻ അധ്യക്ഷൻ വി.മുരളീധരനും (മഹാരാഷ്ട്ര) എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടവരിലുണ്ട്. ഈ തിരഞ്ഞെടുപ്പോടെ രാജ്യസഭയിൽ അംഗബലം കൂട്ടാനാകുമെന്ന പ്രതീക്ഷയിലാണു ബിജെപി. നിലവിൽ സഭയിൽ 58 സീറ്റുള്ള ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ്. തിരഞ്ഞെടുപ്പു കഴിയുമ്പോൾ അംഗബലം എഴുപതിലേറെയാകുമെന്നു കരുതുന്നു. അതേസമയം, 54 അംഗങ്ങളുള്ള കോൺഗ്രസിന്റെ കരുത്തു ചോരുമെന്നും ഉറപ്പാണ്. എന്നാൽ, 245 അംഗ സഭയിൽ ഭൂരിപക്ഷം ഉറപ്പിക്കണമെങ്കിൽ ‌സഖ്യകക്ഷികളും രാഷ്ട്രീയ സുഹൃത്തുക്കളും ഇനിയും ഒപ്പം നിൽക്കേണ്ടതു ബിജെപിക്ക് ആവശ്യമാണ്. ലോക്സഭയിൽ വൻ ഭൂരിപക്ഷമുള്ളപ്പോഴും രാജ്യസഭയുടെ കടമ്പയിൽ തട്ടി പല നിയമനിർമാണങ്ങളും തടസ്സപ്പെടുന്നതു ബിജെപിയെ അലോസരപ്പെടുത്തുന്നുണ്ട്. പത്തു സീറ്റുകളിലേക്കു തിരഞ്ഞെടുപ്പു നടക്കുന്ന ഉത്തർപ്രദേശിൽ പോരാട്ടത്തിന് വാശിയേറ്റി ഒരു ബിഎസ്പി എംഎൽഎയുടെയും ഒരു ബിജെപി എംഎൽഎയുടെയും വോട്ട് അസാധുവായി പ്രഖ്യാപിച്ചു. ബിജെപിക്കു ക്രോസ് വോട്ടു ചെയ്തതായി ബിഎസ്പി എംഎൽഎ അനിൽ കുമാർ സിങ്ങും വെളിപ്പെടുത്തിയതോടെ ബിഎസ്പി സ്ഥാനാർഥിയുടെ വിജയം അനിശ്ചിതത്വത്തിലായി. കോൺഗ്രസ് എംഎൽഎ നരേഷ് സയ്നിയും ബിജെപിക്കു ക്രോസ് വോട്ടു ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും താൻ ബിഎസ്പി സ്ഥാനാർഥിക്കാണ് വോട്ടു ചെയ്തതെന്ന് സെയ്നി പ്രത്യേക പ്രസ്താവനയിലൂടെ വ്യക്തമാക്കി. യുപിയിലെ സ്വതന്ത്ര എംഎല്‍മാരായ രാജാ ഭയ്യ, അമാൻ മണി ത്രിപാഠി എന്നിവരുടെ വോട്ടുകളിൽ ബിഎസ്പി കണ്ണുവച്ചിട്ടുണ്ടെങ്കിലും ഇരുവരും ബിജെപിക്കാണ് വോട്ടു ചെയ്തതെന്നാണ് സൂചന. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വൻവിജയം നേടിയ യുപിയിൽ 10 സീറ്റുകളിലേക്കാണു തിരഞ്ഞെടുപ്പ്. ഇതിൽ എട്ടു സീറ്റിൽ ബിജെപിയുടെ വിജയം ഉറപ്പാണ്. ഇവിടെ അഖിലേഷ് യാദവിന്റെ എസ്പിക്കും മായാവതിയുടെ ബിഎസ്പിക്കും തിരഞ്ഞെടുപ്പു ഫലം നിർണായകമാണ്. നിലവിൽ യുപിയിൽനിന്ന് ഒരു രാജ്യസഭാംഗമേ ബിജെപിക്കുള്ളൂ. ഭരണകക്ഷിയുടെ വിജയം ഉറപ്പായ എട്ടു സീറ്റു കഴിഞ്ഞ് ബാക്കിയുള്ള രണ്ടു സീറ്റിലേക്ക് എസ്പി, ബിഎസ്പി, ബിജെപി സ്ഥാനാർഥികളാണു മത്സരിക്കുന്നത്. എസ്പിയുടെ സീറ്റിൽ വിജയം ഉറപ്പാണ്. ബോളിവുഡ് താരം ജയ ബച്ചനാണ് സമാജ്‌വാദി പാർട്ടി സ്ഥാനാർഥി. എന്നാൽ, ബിഎസ്പി സ്ഥാനാർഥിയായ ഭീം റാവു അംബേദ്കറിനെ ജയിപ്പിക്കാൻ എസ്പിയും മറ്റുള്ളവരും കനിയണം. വോട്ടു വിഭജിക്കുകയെന്ന ലക്ഷ്യത്തിനായി ബിജെപി അധികമായി ഒരു സ്ഥാനാർഥിയെ നിർത്തിയതാണ് ഇവിടെ തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്. വ്യവസായിയായ അനിൽ കുമാർ അഗർവാളാണ് ഈ ഒൻപതാമൻ. പ്രതിപക്ഷ വോട്ടു ഭിന്നിപ്പിച്ച് ഒൻപതാമനെക്കൂടി ജയിപ്പിക്കാനുള്ള കരുനീക്കത്തിലാണു ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. നാലു രാജ്യസഭാ സീറ്റുകളിലേക്കു തിരഞ്ഞെടുപ്പു നടക്കുന്ന കർണാടകയിൽ രണ്ട് കോൺഗ്രസ് എംഎല്‍എമാരെ രണ്ടു തവണ വോട്ടു ചെയ്യാൻ അനുവദിച്ചെന്നു ചൂണ്ടിക്കാട്ടി ജെഡിഎസ് വോട്ടെടുപ്പു ബഹിഷ്കരിച്ചു. മൂന്നു ജെഡിഎസ് എംഎല്‍എമാർ വോട്ടു രേഖപ്പെടുത്തിയതിനു പിന്നാലെയാണ് വോട്ടെടുപ്പു ബഹിഷ്കരിക്കാനുള്ള തീരുമാനം. ജെഡിഎസിന് 37 എംഎൽഎമാരുണ്ടെങ്കിലും ഇവരിൽ ഏഴു പേർ വിമതരാണ്. തങ്ങൾ കോൺഗ്രസിനു വോട്ടു ചെയ്യുമെന്ന് വിമത എംഎല്‍എമാർ വ്യക്തമാക്കിയിരുന്നു. കർണാടകയിൽ നാലു രാജ്യസഭാ സീറ്റുകളിലേക്ക് അഞ്ചു സ്ഥാനാർഥികളാണു രംഗത്തുള്ളത്. ഇവിടെ ബിജെപിക്കായി രംഗത്തുള്ള മലയാളി വ്യവസായി രാജീവ് ചന്ദ്രശേഖറിന്റെ വിജയത്തിന് അഞ്ചു പേരുടെ പിന്തുണ കുറവുണ്ട്. ഈ വെല്ലുവിളി ബിജെപി എങ്ങനെ മറികടക്കുമെന്ന ആകാംക്ഷയിലാണ് ദേശീയ രാഷ്ട്രീയം. 123 എംഎൽഎമാരുള്ള കോൺഗ്രസ് മൂന്നു സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. ഇവരിൽ രണ്ടു പേരുടെ വിജയം ഉറപ്പാണെങ്കിലും മൂന്നാമത്തെ സീറ്റിനായി കോൺഗ്രസും ജെഡിഎസും തമ്മിൽ മൽസരത്തിലാണ്. ഈ സീറ്റ് വിട്ടുനൽകണമെന്ന ജെഡിഎസിന്റെ ആവശ്യം മുഖ്യമന്ത്രി സിദ്ധരാമയ്യ തള്ളിയിരുന്നു. രാജസ്ഥാനിൽ തിരഞ്ഞെടുപ്പു നടക്കുന്ന മൂന്നു സീറ്റുകൾ ബിജെപിയുടെ കരുത്തു കൂട്ടും. ഇവിടെനിന്നു നിലവിൽ ഒരംഗമേയുള്ളൂ.

 

 

RELATED ARTICLES
- Advertisment -

Most Popular

Recent Comments