എയർ ഇന്ത്യ വിമാനം യാത്രക്കിടെ കോക്പിറ്റിൽ പുക കണ്ടതിനെ തുടർന്ന് തിരിച്ചിറക്കി

air india

മുംബയിൽ നിന്നും ഭുവനേശ്വറിലേക്ക് തിരിച്ച എയർ ഇന്ത്യ വിമാനം യാത്രക്കിടെ കോക്പിറ്റിൽ നിന്നും പുക ഉയരുന്നത് കണ്ടതിനെ തുടർന്ന് തിരിച്ചിറക്കി. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2.15നാണ് 155 യാത്രക്കാരുമായി പുറപ്പെട്ട എ.ഐ 669 എയർ ഇന്ത്യ വിമാനം മുംബയ് വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കിയത്. വിമാനത്തിൽനിന്നു സന്ദേശം ലഭിച്ചപ്പോൾ തന്നെ മുംബൈ വിമാനത്താവളത്തിൽ ഏത് അടിയന്തര സാഹചര്യവും നേരിടാൻ തയാറെടുപ്പുകൾ നടത്തിയിരുന്നു. വിമാനം പറന്നുയർന്ന് 35 മിനിറ്റ് കഴിഞ്ഞപ്പോഴാണ് കോക്പിറ്റിൽ പുക കണ്ടത്.

എന്നാൽ അപകടമൊന്നും കൂടാതെ വിമാനം വിമാനത്താവളത്തിൽ തിരിച്ചിറങ്ങിയെന്നും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും എയർ ഇന്ത്യ അധികൃതരും മുംബയ് വിമാനത്താവള അധികൃതരും അറിയിച്ചു. വിമാനത്തിലെ യാത്രക്കാരെ വൈകിട്ട് 4.15നുള്ള മറ്റൊരു വിമാനത്തിൽ ഭുവനേശ്വരിലെത്തിച്ചു. തകരാർ സംഭവിച്ച വിമാനത്തിൽ എയർ ഇന്ത്യ വിദഗ്ധർ പരിശോധന നടത്തുകയാണ്.