നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 55 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി.സംഭവത്തില്‍ തമിഴ്നാട് തെങ്കാശി സ്വദേശികളായ ദമ്പതികളെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ക്വാലാലംപുരില്‍ നിന്നും എയര്‍ ഏഷ്യ വിമാനത്തിലാണ് ഇവര്‍ നെടുമ്പാശേരിയിലെത്തിയത്. മലേഷ്യയിലെ കോലാലംപൂരില്‍ വ്യവസായം നടത്തുന്നവരാണ് പിടിയിലായ ദമ്പതികള്‍ . സ്വര്‍ണം ആഭരണങ്ങളായാണ് ഇവര്‍ കടത്താന്‍ ശ്രമിച്ചത്. 55 ലക്ഷം രൂപയോളം രൂപ വില വരുന്ന സ്വര്‍ണാഭരണങ്ങള്‍ ഇരുവരും ശരീരത്തില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു.സ്വര്‍ണത്തിന് വന്‍തോതില്‍ വില വര്‍ദ്ധിച്ചതോടെ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ഏതാനും ആഴ്ച്ചകള്‍ക്ക് മുന്‍പ് തന്നെ കസ്റ്റംസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനിടെ വെള്ളിയാഴ്ച്ച വിദേശത്ത് നിന്നും സ്വര്‍ണം കടത്തിക്കൊണ്ടു വന്ന യാത്രക്കാരന്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് പരിശോധനകള്‍ പൂര്‍ത്തിയാക്കി സുരക്ഷിതമായി വിമാനത്താവളത്തിന് പുറത്ത് കടന്നത് നെടുമ്പാശേരിയിലെ കസ്റ്റംസ് വിഭാഗത്തിന് നാണക്കേടായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം വിമാനത്തില്‍ തിരുച്ചിറപ്പിള്ളിയിലേക്ക് പോകാന്‍ അഭ്യന്തര ടെര്‍മിനലില്‍ എത്തിയപ്പോള്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. രണ്ട് സ്വര്‍ണക്കട്ടികള്‍ സോക്സിനകത്ത് ഒളിപ്പിച്ചാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. ഈ സംഭവത്തിന് ശേഷം രാജ്യാന്തര ടെര്‍മിനലില്‍ കസ്റ്റംസ് പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കിയിരുന്നു.
അനധികൃതമായി കടത്താന്‍ ശ്രമിച്ച 55 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം പിടിച്ചെടുത്തു
RELATED ARTICLES