നടിയെ ആക്രമിച്ച കേസിലെ അനുബന്ധ കുറ്റപത്രം സമർപ്പിക്കുമ്പോൾ നടന്‍ ദിലീപിനെ ഒന്നാം പ്രതിയാക്കില്ല. നിലവിൽ ജാമ്യം നേടിയ ദിലീപിനെ ഒന്നാം പ്രതിയാക്കിയാൽ, റിമാൻഡിൽ കഴിയുന്ന പൾസർ സുനി അടക്കമുള്ള മറ്റ് പ്രതികള്‍ക്കും ജാമ്യം ലഭിക്കാൻ വഴി തെളിയുമെന്ന കാരണത്താലാണ് പോലീസ് ഈ നീക്കത്തിൽ നിന്നും പിൻവലിയുന്നത്. പകരം ദിലീപിനെ ഏഴാം പ്രതിയാക്കി കുറ്റപത്രം നല്‍കാനാണ് അന്വേഷണ സംഘം ഇപ്പോൾ ആലോചിക്കുന്നത് എന്നാണ് സൂചന.
നിലവില്‍ ദിലിപ് നേടിയ സാഹചര്യത്തില്‍ ഒന്നാം പ്രതിയാക്കി പുതിയ കുറ്റപത്രം സമർപ്പിച്ചാല്‍ മറ്റ് പ്രതികളും ജാമ്യത്തിന് ശ്രമിക്കാനുള്ള സാധ്യതയുണ്ട്. ഒന്നാം പ്രതിക്ക് ജാമ്യം ലഭിച്ച സാഹചര്യം മറ്റു പ്രതികളും ഉന്നയിക്കും. കൂടാതെ ഇവർ എട്ടു മാസത്തോളമായി ജയിലിലുമാണ്. നിലവില്‍ ജാമ്യം ലഭിച്ച ദിലിപിനേക്കാള്‍ സ്വാധീനശക്തി കുറഞ്ഞവരാണ് തങ്ങളെന്ന വാദവും ഇവർ ഉയർത്തിയേക്കാം. നേരിട്ട് കുറ്റകൃത്യത്തില്‍ പങ്കെടുത്ത ഒരു പ്രതിക്ക് പോലും ജാമ്യം ലഭിക്കാനിടയായാല്‍ പൊലിസിനെ സംബന്ധിച്ചത് തിരിച്ചടിയാകും.
സംഭവത്തിൽ മറ്റു പ്രതികളേക്കാൾ ഗുരുതര കുറ്റം ചെയ്തതായി പോലീസ് കണക്കാക്കുന്നത്, നടിയെ ആക്രമിക്കുന്ന സമയം കാറോടിച്ചിരുന്ന ഡ്രൈവര്‍ മാര്‍ട്ടിനെയാണ്. നടിയുടെ യാത്ര വിവരങ്ങള്‍ കൃത്യമായി അക്രമി സംഘത്തിന് കൈമാറിയത് മാര്‍ട്ടിനാണ്. ബോധപൂര്‍വ്വം കുറ്റകൃത്യത്തില്‍ സഹകരിച്ചു, വിശ്വാസ വഞ്ചന, രക്ഷിക്കാന്‍ ശ്രമം നടത്തിയില്ല എന്നീ കുറ്റങ്ങള്‍ കൂടി മാര്‍ട്ടിനെതിരെ വരും. അതോടെ മാർട്ടിൻ രണ്ടാം പ്രതിയാകും. അതിനാലാണ് ദിലീപിനെ എഴാം പ്രതിയാക്കിയുള്ള സുരക്ഷിത നീക്കത്തിന് അന്വേഷണസംഘം ഇപ്പോൾ ശ്രമിക്കുന്നത്.
കൂടാതെ, കേസിൽ ദിലീപിനെ ഒന്നാം പ്രതിയാക്കാനുള്ള ശ്രമം, ദിലിപിനെതിരെ പൊലീസ് വൈകാരികമായി നീങ്ങുന്നു എന്ന വാദം ശക്തമാക്കും. ദിലിപിനെ ശത്രുവായി കണ്ട് പൊലിസ് മന:പൂര്‍വ്വം തേജോവധം ചെയ്യാന്‍ ശ്രമിക്കുന്നു എന്ന ചോദ്യം പൊതുസമൂഹത്തിന്‍റെ ഭാഗത്തു നിന്നും ഉയർന്നേക്കാം.
മാത്രവുമല്ല, 120 ബി വകുപ്പ് അനുസരിച്ച് ഗൂഢാലോചന കുറ്റം തെളിയിക്കപ്പെട്ടാല്‍ നേരിട്ട് കുറ്റകൃത്യം നടത്തിയ പ്രതിക്ക് കിട്ടുന്ന ശിക്ഷ ഗൂഡാലോചന നടത്തിയ പ്രതിക്കും ലഭിക്കും. അതു കൊണ്ട് പ്രതി പട്ടികയില്‍ ഏതു സ്ഥാനത്തു വരുന്നു എന്നത് കാര്യമാക്കേണ്ടതില്ല എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന നിയമോപദേശം എന്നാണ് സൂചന. നിലവില്‍ കുറ്റപത്രം വൈകുന്നത് പൊലീസിന്‍റെ ആത്മവിശ്വാസക്കുറവാണെന്ന ധാരണ ശക്തമാകുന്നതിന് മുമ്പുതന്നെ കേസിൽ ശക്തമായ കുറ്റപത്രം സമർപ്പിക്കാനാണ് പോലീസിന്‍റെ ശ്രമം.
നേരത്തെ, കേസുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനിയടക്കം ഏഴ് പേർക്കെതിരെ പൊലിസ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതില്‍ ആദ്യത്തെ ആറ് പ്രതികളും കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരായിരുന്നു. ഏഴാം പ്രതി ചാര്‍ളി കുറ്റകൃത്യത്തിന് ശേഷം പ്രതികള്‍ക്ക് ഒളിത്താവളം ഒരുക്കിയതിനാണ് പിടിയിലായത്. പിന്നീട് കോടതി ചാര്‍ളിക്ക് ജാമ്യം അനുവദിച്ചിരുന്നു.
കേസില്‍ ഗൂഡാലോചന കുറ്റം ആരോപിക്കപ്പെട്ട ദിലിപ്, നിലവിൽ പതിനൊന്നാം പ്രതിയാണ്. കേസിലെ 8, 9, 10 പ്രതികള്‍ ജയിലില്‍ പള്‍സര്‍ സുനിക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ സഹായം നല്‍കിയ കുറ്റത്തിന് പ്രതിചേര്‍ക്കപ്പെട്ടവരാണ്. ഇവര്‍ക്ക് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കില്ല.
ദിലീപിനെ ഒന്നാം പ്രതിയാക്കിയാൽ പൾസർ സുനിക്ക് ജാമ്യം ലഭിക്കും
RELATED ARTICLES