നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ നീക്കങ്ങള്‍ പോലിസ് മനസ്സിലാക്കിയത് എറണാകുളത്തെ ഒരു അഭിഭാഷകനെ നീരിക്ഷിച്ച്. സുനിക്കായി കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹരജി നല്‍കിയ അഭിഭാഷകനല്ല ഇതെന്നാണ് പോലിസില്‍ നിന്നും ലഭിക്കുന്ന വിവരം.
സുനി ചൊവ്വാഴ്ച കോയമ്പത്തൂരില്‍ ഉണ്ടായിരുന്നതായി പോലിസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, അവിടെനിന്ന് രക്ഷപ്പെട്ട സുനി ബുധനാഴ്ച തിരുവനന്തപുരത്ത് കോടതിയില്‍ കീഴടങ്ങാന്‍ നീക്കം നടത്തിയിരുന്നു. ഇതിനായി എറണാകുളത്ത് നിന്നും ഈ അഭിഭാഷകന്‍ തിരുവനന്തപുരത്ത് എത്തുകയും ചെയ്തു. എന്നാല്‍, പറഞ്ഞ സമയത്ത് സുനിക്ക് എത്താന്‍ കഴിഞ്ഞില്ല. എന്നുമാത്രമല്ല, അഭിഭാഷകന്റെ നീക്കങ്ങള്‍ മനസ്സിലാക്കിയ പോലിസ് സുനി തിരുവനന്തപുരത്ത് കോടതിയില്‍ കീഴടങ്ങാന്‍ എത്തുമെന്ന് മനസ്സിലാക്കി അവിടെ പോലിസ് കാവല്‍ ശക്തമാക്കുകയും ചെയ്തു. ഇതോടെ തീരുമാനം ഇവര്‍ മാറ്റി. തുടര്‍ന്ന് അഭിഭാഷകന്‍ കൊച്ചിയിലേക്ക് മടങ്ങി. ഇതേതുടര്‍ന്നാണ് സുനിയും ഒപ്പമുണ്ടായിരുന്ന വിജീഷും എറണാകുളത്തെ കോടതിയില്‍ ഇന്നലെ കീഴടങ്ങുമെന്ന വിവരം പോലിസിന് ലഭിക്കുന്നത്. തുടര്‍ന്ന് അഭിഭാഷകന്റെ നീക്കങ്ങള്‍ പിന്തുടര്‍ന്ന പോലിസിന് ഉച്ചയ്ക്ക് 12 മണിയോടെ സുനിയും വീജീഷും കീഴടങ്ങാന്‍ കോടതിയില്‍ എത്തുമെന്ന് വിവരം ലഭിച്ചു.
തുടര്‍ന്ന് വാഹനത്തില്‍ ഇരുവരും കോടതിയിലേക്ക് എത്തുന്നതിനിടയില്‍ ഇവരെ പോലിസ് എറണാകുളം ജോസ് ജങ്ഷന്‍ മുതല്‍ പിന്തുടരുകയും ചെയ്തു. പോലിസ് തങ്ങളെ പിന്തുടരുന്ന വിവരം മനസ്സിലായതോടെ ഇവര്‍ ഈ വാഹനത്തില്‍ നിന്നും ബൈക്കിലേക്ക് മാറുകയായിരുന്നുവത്രേ. തുടര്‍ന്നാണ് എറണാകുളത്തപ്പന്‍ മൈതാനിയില്‍ ബൈക്കിലെത്തിയതിനു ശേഷം ഇവിടെ നിന്നും മതില്‍ ചാടി കോടതിക്കുള്ളിലേക്ക് ഓടിക്കയറിയത്. അഭിഭാഷകനെ സുനിക്കുവേണ്ടി ചുമതലപ്പെടുത്തിയതാര് എന്നും അന്വേഷിക്കുന്നുണ്ട്.