ലണ്ടന്‍ നഗരത്തെ നടുക്കിയ ഭീകരാക്രമണത്തെക്കുറിച്ചു ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയുടെ വെളിപ്പെടുത്തൽ. ഭീകരാക്രമണം നടത്തിയത് ബ്രിട്ടീഷ് പൌരനാണ് ഇയാളെക്കുറിച്ചുള്ള വിവരം നേരത്തെ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചിരുന്നു. അക്രമിയുടെ പേര് തെരച്ചില്‍ തുടരുന്നതിനാല്‍ വെളിപ്പെടുത്തിയിട്ടില്ല. എട്ടുപേരെ സംഭവവുമായി ബന്ധപ്പെട്ട് ലണ്ടനിലും ബര്‍മിങ്ഹാമിലുമായി അറസ്റ്റ്ചെയ്തു. ഭീകരസംഘടനയായ ഐഎസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
ബുധനാഴ്ച വൈകിട്ട് നടന്ന ആക്രമണത്തില്‍ അക്രമിയടക്കം നാലുപേരാണ് കൊല്ലപ്പെട്ടത്. ലണ്ടനിലെ കോളേജില്‍ ജോലിചെയ്യുന്ന ഐഷ ഫ്രെയ്ഡ്, അമേരിക്കയില്‍നിന്നുള്ള കര്‍ട് കൊച്റാന്‍, പാര്‍ലമെന്ററി-നയതന്ത്രസുരക്ഷാ സ്ക്വാഡിലെ അംഗം പി സി കീത്ത് പാല്‍മര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. കൊച്റാന്റെ ഭാര്യ മെലീസ പരിക്കേറ്റ് ചികിത്സയിലാണ്. ഇരുപത്തിയഞ്ചാം വിവാഹവാര്‍ഷികം ആഘോഷിക്കാനെത്തിയ ദമ്പതികള്‍ വ്യാഴാഴ്ച അമേരിക്കയിലേക്ക് മടങ്ങാനിരിക്കെയാണ് ആക്രമണത്തിന് ഇരയായത്.
വെസ്റ്റ്മിന്‍സ്റ്റര്‍ പാലത്തിന്റെ നടപ്പാതയിലേക്ക് കാറോടിച്ചു കയറ്റി ആള്‍ക്കാരെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. കാര്‍ ഇടിച്ചുനിന്നയുടന്‍ പുറത്തിറങ്ങിയ അക്രമി പാര്‍ലമെന്റ് വളപ്പിലേക്ക് ഓടി. അവിടെവച്ചാണ് സുരക്ഷാസംഘാംഗമായ പലമറെ കുത്തിവീഴ്ത്തിയത്. ആക്രമണത്തില്‍ പരിക്കേറ്റ ഏഴുപേരുടെ നില ഗുരുതരമാണ്. 36 പേര്‍ ആശുപത്രിയിലാണ്.