മദ്യശാല സമരക്കാര്‍ക്കെതിരെ ; ബക്കറ്റില്‍ ശേഖരിച്ചു വച്ച മൂത്രം കോരി ഒഴിച്ചു

hibi eden

എം.എല്‍.എ ഹൈബി ഈഡന് നേരെ മൂത്രം കോരി ഒഴിച്ചു

മദ്യശാല അടപ്പിക്കാന്‍ ജനകീയ സമരവുമായി എത്തിയ എറണാകുളം എം.എല്‍.എ ഹൈബി ഈഡന് നേരെ മൂത്രം കോരി ഒഴിച്ചു. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കണ്‍സ്യൂമര്‍ ഫെഡിന്റെ വിദേശ മദ്യശാലയിലെ ജീവനക്കാരാണ് സമരക്കാര്‍ക്കെതിരെ പൊലീസിന്റെ സാന്നിധ്യത്തില്‍ അക്രമം നടത്തിയത്. പൊലീസ് നിഷ്‌ക്രിയരായി നോക്കിനിന്നു. ജനപ്രതിനിധികള്‍ക്കും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സമരക്കാര്‍ക്കുമെതിരെ അക്രമം നടത്തിയവരെ തടയാനോ ഇവരെ പിടികൂടാനോ പൊലീസ് തയ്യാറായില്ല. പ്രധാന ജംഗ്ഷനായ വൈറ്റിലയില്‍ പ്രവര്‍ത്തിച്ചിരുന്ന കണ്‍സ്യൂമര്‍ ഫെഡ് ചില്ലറ മദ്യവില്‍പ്പനശാല അടുത്ത ദിവസമാണ് പൊന്നുരുന്നി ചെട്ടിച്ചിറയിലേക്ക് മാറ്റി സ്ഥാപിച്ചത്. മദ്യ ഷാപ്പിനെതിരെ നാട്ടുകാര്‍ സ്ത്രീകളും കുട്ടികളും ഒന്നടങ്കം സമരത്തിലാണ്. മദ്യഷാപ്പിന് മുമ്പില്‍ ജനകീയ സമര സമിതി രണ്ട് ദിവസമായി പ്രത്യക്ഷ സമരത്തിലാണ്. ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് ഹൈബി ഈഡന്‍ എം.എല്‍.എ സമര രംഗത്തെത്തിയത്. മദ്യഷാപ്പിന്റെ ഷട്ടറുകള്‍ സമരക്കാര്‍ പ്രതിഷേധ സൂചകമായി ബലമായി അടക്കാന്‍ ശ്രമിച്ചു. ഇതിനിടെയാണ് പാതി താഴ്ത്തിയ ഷട്ടറിനകത്ത് നിന്ന് കണ്‍സ്യൂമര്‍ ഫെഡ് ഷോപ്പിലെ ജീവനക്കാര്‍ എം.എല്‍.എക്കും മറ്റുമെതിരെ ആസൂത്രിതമായി മൂത്രം കോരി ഒഴിച്ചത്. നേരത്തെ ബക്കറ്റില്‍ ശേഖരിച്ചു വച്ച മൂത്രമാണ് ഒഴിച്ചത്.
മദ്യശാല ജീവനക്കാരല്ല ക്രിമിനലുകളും ഗുണ്ടകളുമാണ് സമരക്കാരെ നേരിട്ടതെന്ന് ഹൈബി ഈഡന്‍ പറഞ്ഞു. പൊലീസിന്റെയും സര്‍ക്കാരിന്റെയും ഒത്താശയോടെയാണ് ഈ നിചപ്രവൃത്തി ചെയ്തതെന്ന് സമരസമിതി നേതാക്കള്‍ അഭിപ്രായപ്പെട്ടു. പൊന്നുരുന്നി മദ്യഷാപ്പ് അടച്ചുപൂട്ടുംവരെ സമരം തുടരാനും സമരസമിതി തീരുമാനിച്ചു.