എം.എം. മണിയുടെ അശ്ലീലച്ചുവയുള്ള പരാമര്‍ശത്തിനെതിരെ പൊമ്പിളൈ ഒരുമ

0
75


പൊമ്പിളൈ ഒരുമയ്‌ക്കെതിരായ മന്ത്രി എം.എം. മണിയുടെ അശ്ലീലച്ചുവയുള്ള പരാമര്‍ശത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍. എം.എം. മണി മാപ്പുപറയുന്നത് വരെ സമരം ചെയ്യുമെന്ന് പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. പഴയ മൂന്നാര്‍ റോഡ് ഉപരോധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമിച്ചെങ്കിലും പ്രവര്‍ത്തകര്‍ പിന്മാറിയില്ല. മന്ത്രി വന്ന് മാപ്പ് പറയാതെ ഉപരോധത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് സമര നേതാവ് ഗോമതി പറഞ്ഞു. ഇതിനിടെ സ്ത്രീകളെ പിടിച്ച് മാറ്റാന്‍ ശ്രമിച്ച പോലീസിനെതിരെ കടുത്ത പ്രതിഷേധമുയര്‍ന്നു. അറസ്റ്റ് നീക്കം നാട്ടുകാര്‍ തടഞ്ഞതോടെ സ്ഥലത്ത് പോലീസും നാട്ടുകാരും തമ്മില്‍ ഉന്തും തള്ളും നടന്നു. സ്ത്രീകളെ അപമാനിച്ച മന്ത്രി കാലില്‍ വീണ് മാപ്പ് പറയണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
ഇതിനിടെ പൊമ്പിളൈ ഒരുമക്കെതിരായ പ്രസ്താവനയില്‍ വിശദീകരണവുമായി മന്ത്രി എം എം മണി രംഗത്തെത്തി. തന്റെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് എം എം മണി പറഞ്ഞു. പ്രതിഷേധം ആരോ ഇളക്കിവിട്ടതാണ്. പ്രതിഷേധത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും എം എം മണി പറഞ്ഞു. വി എസ്സിന്റെ ഭരണകാലത്ത് മൂന്നാര്‍ ഒഴിപ്പിക്കലിനെത്തിയ സുരേഷ്‌കുമാറിനെ വിമര്‍ശിച്ചപ്പോഴാണ് എം എം മണി പൊമ്പിളൈ ഒരുമയുടെ സമരത്തെയും അധിക്ഷേപിച്ചത്. സുരേഷ് കുമാര്‍ അവിടെ ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം മദ്യപാനമായിരുന്നു പരിപാടി. കെയ്‌സ് കണക്കിനായിരുന്നു ബ്രാന്‍ഡി. സകല പണിയുമുണ്ടായിരുന്നു. കുടിയും സകല വൃത്തിക്കേടും നടന്നിട്ടുണ്ട്. പൊമ്പിളൈ ഒരുമയുടെ സമരകാലത്തും ഇതൊക്കെ തന്നെയാണ് നടന്നത്. സമരസമയത്ത് അവിടെ കാട്ടിലായിരുന്നു പരിപാടി. ഒരു ഡിവൈഎസ്പിയുണ്ടായിരുന്നു. എല്ലാരും കൂടിയായിരുന്നു പരിപാടിയെന്നും എം എം മണി പറഞ്ഞു. തോട്ടം തൊഴിലാളി സമരത്തിന്റെ തീയില്‍ വെന്തുരുകിയ മൂന്നാര്‍ മേഖലയില്‍ പുതിയ സമര പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്.