ഇന്തൊനീഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിലുള്ള ബസ് ടെർമിനലിൽ ഇരട്ട സ്ഫോടനം. ഒരു പോലീസ്‌കാരൻ ഉൾപ്പെടെ രണ്ടുപേർ കൊല്ലപ്പെട്ടു. നാലു ഓഫീസർമാരുൾപ്പെടെ നിരവധിപ്പേർക്കു പരുക്കേറ്റു. ചാവേറായി വന്ന ആളും ബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടതായി സംശയിക്കുന്നുവെന്നു ഇന്തോനേഷ്യൻ ദേശീയ പോലീസ് മേധാവി സ്യാഫ്രുദ്ധിൻ മാധ്യമങ്ങളോട് പറഞ്ഞു. ബുധനാഴ്‌ച്ച വൈകിട്ട് കിഴക്കൻ ജക്കാർത്തയിലെ കാംപുങ് മെലായു ബസ് ടെർമിനലിലാണ് സ്ഫോടനങ്ങളുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാത്രി ഒൻപതോടെയാണ് രണ്ട് സ്ഫോടനങ്ങളും ഉണ്ടായത്. 10 മിനിറ്റ് ഇടവിട്ടായിരുന്നു സ്ഫോടനങ്ങൾ.
കഴിഞ്ഞ വർഷം ജനുവരിയിൽ ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) നടത്തിയ ആക്രമണത്തിൽ ഏഴുപേരാണ് കൊല്ലപ്പെട്ടത്. 15 വർഷമായി നിരവധി ഭീകരാക്രമണങ്ങൾക്ക് ഇന്തൊനീഷ്യ ഇരയായിട്ടുണ്ട്. കൂടുതലും വിദേശ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടായിരുന്നു. ശക്തമായ നടപടികളിലൂടെ ആക്രമണങ്ങൾ കുറച്ചുകൊണ്ടു വന്നെങ്കിലും ഐഎസിന്റെ വരവോടെ വർഗീയ സംഘടനകൾ ശക്തിപ്രാപിക്കുകയായിരുന്നു.